കണ്ണൂര്‍: ഗൂഗിള്‍ പേ വഴി പണമയച്ചുവെന്ന കൃത്രിമ രേഖ ഉണ്ടാക്കി ജ്വല്ലറികളില്‍ സ്വര്‍ണ്ണം വാങ്ങി തട്ടിപ്പ് നടത്തുന്നത് പതിവാക്കിയ വിരുതന്‍ അറസ്റ്റില്‍. പാപ്പിനിശ്ശേരി, അരോളി, കമ്മാരത്തുമൊട്ട, അമൃതത്തില്‍ ഇ.ജി അഭിഷേക് (24) ആണ് അറസ്റ്റിലായത്. കണ്ണൂര്‍ ടൗണ്‍, കോഴിക്കോട് കസബ, മട്ടന്നൂര്‍, പാനൂര്‍, കൈപ്പമംഗലം തുടങ്ങി എട്ടോളം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
മാര്‍ച്ച് എട്ടിനു വൈകുന്നേരം ചെമ്പിലോട് ടൗണിലെ ബാലന്‍ ജ്വല്ലറിയില്‍ നിന്നു 1,28,000 രൂപയുടെ സ്വര്‍ണ്ണാഭരണം വാങ്ങി. 10,000 രൂപ അപ്പോള്‍ തന്നെ നല്‍കി. ബാക്കി തുക ജ്വല്ലറിയുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ ട്രാന്‍സ്ഫര്‍ ചെയ്തതായി രേഖ കാണിച്ചു. സംശയമൊന്നും ഇല്ലാത്ത രീതിയിലായിരുന്നു ഇയാളുടെ നീക്കങ്ങള്‍. പിന്നീടാണ് അക്കൗണ്ടില്‍ പണം എത്തിയിട്ടില്ലെന്നു ജ്വല്ലറി ഉടമയ്ക്ക് വ്യക്തമായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സമാന രീതിയിലുള്ള തട്ടിപ്പ് പാനൂര്‍ ടൗണിലെ ശശീന്ദ്ര ജ്വല്ലറിയിലും അരങ്ങേറി. 1,49000 രൂപയുടെ ആഭരണങ്ങളാണ് ഇവിടെ നിന്നു വാങ്ങിയത്. ബാങ്ക് ട്രാന്‍സ്ഫര്‍ വഴി പണം അയച്ചതിന്റെ രേഖ കാണിച്ചാണ് തട്ടിപ്പു നടത്തിയത്. തട്ടിപ്പാണെന്നു ബോധ്യപ്പെട്ടതോടെ ജ്വല്ലറി ഉടമ പൊലീസില്‍ പരാതി നല്‍കി. ഇതിനിടയില്‍ തിങ്കളാഴ്ച രാത്രി മമ്പറത്തെ ഒരു ജ്വല്ലറിയില്‍ സമാന രീതിയിലുള്ള തട്ടിപ്പിനു എത്തിയപ്പോഴാണ് അഭിഷേക് കയ്യോടെ പിടിയിലായത്.
