ഏപ്രില്‍ – 22 ലോക ഭൗമദിനം; ഭൂമിക്കായി ഒരു ദിനം

സുനില്‍കുമാര്‍ കരിച്ചേരി

പകട സന്ധിയിലേക്കു ഭൂമി വളരെ വേഗം നീങ്ങി കൊണ്ടിരിക്കുന്ന വര്‍ത്തമാനക്കാലത്ത് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ലോക ഭൗമദിനം. ഏപ്രില്‍ 22 ലോക ഭൗമ ദിനമായി ആചരിക്കാന്‍ തുടങ്ങിയത് 1970 മുതലാണ്. 1970 ഏപ്രില്‍ 22ന്
വിസ്‌കോണ്‍സിനില്‍ നിന്നുള്ള ഒരു സെനറ്റര്‍ ഗെയ്‌ലോര്‍ഡ് നെല്‍സണും ഒരു യുവ ആക്ടിവിസ്റ്റ് ഡെന്നീസ് ഹെയ്‌സും ചേര്‍ന്നാണ് ആദ്യ ഭൗമദിനം ആചരിച്ചത്.
ഭൂമിയുടെ സംരക്ഷണമാണ് ഭൗമ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ജനങ്ങളില്‍ പരിസ്ഥിതിയെ കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഭൗമ ദിനാചരണം 56-ാം വാര്‍ഷികത്തില്‍ എത്തി നില്‍ക്കുമ്പോള്‍
ജൈവ ദുരന്തമായ കൊറോണ കുഞ്ഞന്‍ വൈറസ് ലോകത്തെ മുഴുവന്‍ വിറപ്പിച്ച ഭീതിദമായ കാഴ്ചക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. അമേരിക്ക, യൂറോപ്യന്‍ വന്‍ശക്തികളായ ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്,യു.കെ., ജര്‍മ്മനി ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ ലക്ഷങ്ങളാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ത്യയിലും ഇത് വലിയ തോതില്‍ നാശം വിതച്ചു.
നമ്മുടെ ശക്തി നമ്മുടെ ഗ്രഹം എന്നതാണ് 2025 – ലെ ഭൗമദിന പ്രമേയം. പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് മാറുന്നതിനും, സുസ്ഥിരമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുമുള്ള ജനങ്ങളുടേയും, സംഘടനകളുടേയും, സര്‍ക്കാരുകളുടേയും പൊതു ഉത്തരവാദിത്വത്തിലേക്കാണ് ഈ പ്രമേയം വിരല്‍ ചൂണ്ടുന്നത്. 2030 ആകുമ്പോഴേക്കും ലോകമെമ്പാടും ഉല്‍പ്പാദിപ്പിക്കുന്ന പുനരുപയോഗ ഊര്‍ജ്ജത്തിന്റെ അളവ് മൂന്നിരട്ടിയാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഭൂതാപം, ജലവൈദ്യുതി, തിരമാല, കാറ്റ്, സൗരോര്‍ജ്ജം തുടങ്ങിയ ഊര്‍ജ്ജ സ്രോതസ്സുകളില്‍ പ്രത്യേക ഊന്നല്‍ നല്‍കാന്‍ ഈ പ്രമേയം ആഹ്വാനം ചെയ്യുന്നു.
ജീവ സാന്നിധ്യം കൊണ്ട് വേറിട്ടു നില്‍ക്കുന്ന 4600 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഭൂമിയില്‍ ഇതിനു മുന്‍പും ചില പ്രത്യേക കാലഘട്ടങ്ങളില്‍ പ്രത്യേക ഇനം ജീവജാലങ്ങള്‍ക്ക് വംശനാശം നേരിട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഏറെ വികാസം പ്രാപിച്ച ജീവിവര്‍ഗ്ഗമായ മനുഷ്യന് തന്നെ വലിയ ഭീഷണി നേരിടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്.
ദുരന്തങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിക്കുന്നതിനു പകരം അധികാരത്തിനും സമ്പത്തിനും വേണ്ടി യുദ്ധപ്രഖ്യാപനം നടത്തുന്ന വിവിധ ലോകരാജ്യങ്ങളെ നാം കണ്ടു കൊണ്ടിരിക്കുന്നു. യുക്രൈയിനു മേല്‍ വന്‍ആയുധ ശക്തിയായ റഷ്യ മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ ആക്രമണത്തിന് ഇനിയും അറുതി വന്നിട്ടില്ല. യുദ്ധക്കൊതിയന്‍മാര്‍ ഒളിഞ്ഞും തെളിഞ്ഞും ഇരുകൂട്ടരേയും സഹായിക്കുന്നതും നാം കാണുന്നു. നമ്മുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാനിലും ശ്രീലങ്കയിലും, അഫ്ഗാനിസ്ഥാനിലുമെല്ലാം ആഭ്യന്തരകലഹം മൂര്‍ച്ഛിച്ച് യുദ്ധസമാന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. അതിന്റെ അനന്തരഫലമെന്നോണം ഭക്ഷ്യക്ഷാമവും, ദാരിദ്ര്യവും ഈ രാജ്യങ്ങളില്‍ പിടിമുറുക്കുന്നു. ഇസ്രായേല്‍, ഇറാന്‍, പാലസ്തീന്‍ എന്നിവിടങ്ങളില്‍ എല്ലാം വലിയ തോതിലുള്ള അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നു.
ലോക ജനസംഖ്യ 820 കോടിയിലെത്തിയിരിക്കുന്നു. ഭൂവിസ്തൃതിയില്‍ ഏറെ പിന്നിലുള്ള നാം 147 കോടിയോടടുത്ത ജനങ്ങളുമായി ഒന്നാമതെത്തുന്നു. രാജ്യത്തെ ജീവിതനിലവാര സൂചിക നിരന്തരം താഴോട്ട് പോകുന്നു.
ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന്നാധാരം ഓസോണ്‍ പാളിയും, ഹരിതഗൃഹ വാതകങ്ങളുമാണെന്ന് നമ്മുക്കറിയാം.
ഭൂമി തണുത്തറഞ്ഞു പോകാതിരിക്കുന്നത് ഹരിതഗൃഹ വാതകങ്ങളുടെ ചെറിയൊരു മേലാപ്പുള്ളതു കൊണ്ടാണ്. ഈ ചെറു ചൂട് അല്‍പ്പമൊന്ന് കൂടിയാല്‍ ഭൂമി ചുട്ടുപഴുക്കും. ഭൂമിയിലെ ജീവവാസത്തിന് യോഗ്യമായ 15 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് നിലനിര്‍ത്തിപ്പോരുന്നതിന് പ്രധാന കാരണം ഹരിതാലയ വാതകങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ കാലം പുരോഗമിച്ചപ്പോള്‍ വികസനത്തിന്റെ പേരില്‍ നാം അന്തരീക്ഷത്തിലേക്ക് പുറന്തള്ളിയ കാര്‍ബണ്‍ ഡയോക്‌സൈഡ് ഉള്‍പ്പെടെയുള്ള വാതകങ്ങള്‍ ആഗോളതാപനത്തിനും, കാലാവസ്ഥ വ്യതിയാനത്തിനും , ഓസോണ്‍ ശോഷണത്തിനും കാരണമായി തീര്‍ന്നു. ഓസോണ്‍ പാളിയില്ലാത്ത ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുക പ്രയാസമായിരിക്കും. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് ഉള്‍പ്പെടെയുള്ള വിഷരശ്മികള്‍ ഭൂമിയില്‍ നേരിട്ട് പതിക്കുന്ന സാഹചര്യമുണ്ടാകും.
ആഗോള താപനത്തിന്റെ ദുരന്തഫലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞുമലകളുടെ ഉരുകല്‍. കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ 10 മുതല്‍ 25 സെ.മീറ്റര്‍ വരെ മഞ്ഞുരുകി തീര്‍ന്നിരിക്കുന്നു. 2000 ത്തോടെ ഹിമാലയന്‍ മേഖലകളില്‍
1970- കളിലേതിനേക്കാള്‍ 15% മഞ്ഞു മലകള്‍ കുറഞ്ഞതായാണ് കണക്ക്. 2100 ഓടെ ഈ കുറവ് 50% ആകും എന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കുന്നു. 869 ദശലക്ഷം ആളുകള്‍ക്ക് ശുദ്ധജലമെത്തിക്കുന്ന ഹിമാനികള്‍ ആണ് ഉരുകലിന് വിധേയമാകുന്നെന്നത് നമ്മെ ആശങ്കാകുലരാക്കുന്നു. മാലിദ്വീപ് ഉള്‍പ്പെടെയുള്ള ദ്വീപ് രാഷ്ട്രങ്ങളും, മഞ്ഞു മലകളാല്‍ മൂടപ്പെട്ട നേപ്പാള്‍ പോലുള്ള രാജ്യങ്ങളും സമൂഹ മന:സാക്ഷി ഉണര്‍ത്താന്‍ ചില പ്രതീകാത്മക പ്രതിഷേധങ്ങള്‍ നടത്തി കഴിഞ്ഞു. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങളെ ഒന്നും മുഖവിലക്കെടുക്കാന്‍ ടണ്‍ കണക്കിന് ഹരിതാലയ വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് തള്ളുന്ന വികസിത രാജ്യങ്ങള്‍ തയ്യാറാവുന്നില്ല. കാര്‍ബണ്‍ ന്യൂട്രലിറ്റിയും നെറ്റ് സീറോ കാര്‍ബണുമൊക്കെ മുദ്രാവാക്യമാക്കുന്നുണ്ടെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തുന്നില്ല.
സമുദ്രജലനിരപ്പ് ഉയരുന്നതും കടലിലെ ചൂട് വര്‍ദ്ധിക്കുന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. സമുദ്ര അമ്‌ളീ കരണവും,
സമുദ്ര താപനിലയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവും മത്സ്യങ്ങളുടേയും മറ്റ് ജലജീവികളുടേയും നിലനില്‍പ്പിന് ഭീഷണിയാകുമെന്ന് കാലാവസ്ഥ മാറ്റത്തെ കുറിച്ചുള്ള അന്തരാഷ്ട്ര സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമുദ്രജല വിതാനം നേരിയ തോതില്‍ ഉയര്‍ന്നാല്‍ പോലും പല ദ്വീപ് രാജ്യങ്ങളും കടലിനടിയില്‍ അകപ്പെടും. 2100 ആകുമ്പോഴേക്കും സമുദ്രജലനിരപ്പ് 1 മീറ്റര്‍ വരെ ഉയരുമെന്നാണ് ശാസ്ത്രലോകം നല്‍കുന്ന മുന്നറിയിപ്പ്.
ഉപദ്വീപായ നമ്മുടെ രാജ്യത്തും വലിയ തോതിലുള്ള കഷ്ട നഷ്ടങ്ങള്‍ ഉണ്ടാവും. ലോകത്തെ 7.5 ശതമാനം ജൈവവൈവിധ്യങ്ങളുടെ കലവറയായ നമ്മുടെ രാജ്യം പരിസ്ഥിതി ആഘാതം കുറക്കുന്നതില്‍ ഇന്നും 180-ാം സ്ഥാനത്ത് മാത്രമാണ്. നമ്മുടെ 1500 ച. കീ.മി കടല്‍ തീരം 2050 ഓടെ കടലിനടിയിലാകുമെന്ന പഠന റിപ്പോര്‍ട്ടുകള്‍ വരുന്നു. ജീവനും, സ്വത്തിനും ഇതു മൂലമുണ്ടാവുന്ന നഷ്ടങ്ങള്‍ വിവരണാതീതമായിരിക്കും.
ഭൂമിയുടെ ഉപരിതല ചൂട് 2050 ഓടെ 3 ഡിഗ്രി സെല്‍ഷ്യസ് കൂടുമെന്നും,2080 ആകുമ്പോഴേക്ക് ഇത് 3.5 മുതല്‍ 5.58 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കുമെന്നും കറന്റ് സയന്‍സ് മാസികയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഗുരുതരമായി ബാധിക്കാന്‍ പോകുന്നത് കാര്‍ഷിക വിളകളേയും മറ്റു ജീവജാലങ്ങളേയുമാണ്. കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടാകാന്‍ രൂക്ഷമായ വരള്‍ച്ച കാരണമായി തീരുന്നു. നിലവില്‍ ലോകത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യ പ്രതിസന്ധി നിയന്ത്രണങ്ങള്‍ക്കുമപ്പുറത്തേക്ക് ഉയരുകയും കൃഷി ഭൂമികള്‍ മരുപ്രദേശങ്ങള്‍ ആകുകയും ചെയ്യും. രൂക്ഷമാകുന്ന ഭക്ഷ്യ പ്രതിസന്ധി ദാരിദ്ര്യത്തിലേക്കു നയിക്കും. കുടിവെള്ളത്തിനും ഭക്ഷണത്തിനും വേണ്ടിയുള്ള പരക്കംപാച്ചില്‍ കൂട്ടക്കലാപമായി പരിണമിക്കുമെന്നതില്‍ സംശയമില്ല.
ആര്‍ത്തി മൂത്ത മനുഷ്യന്‍ മണ്ണും വിണ്ണും കടലും കായലും കാടും മലയും നദിയും മണലും, പാറയും മറ്റു ധാതുക്കളും തുടങ്ങി പ്രകൃതിവിഭവങ്ങള്‍ വിറ്റ് കാശാക്കാനുള്ള മത്സരത്തിലാണ്. നാടിന്റെ പ്രൗഢി വിളിച്ചോതിയിരുന്ന കുന്നുകളും മലകളും ഓര്‍മ്മ മാത്രമായി മാറിയിരിക്കുന്നു. കേരളത്തില്‍ ഉള്‍പ്പെടെ പ്രകൃതി ദുരന്തങ്ങള്‍ നിത്യസംഭവങ്ങള്‍ ആയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം അതി തീവ്രമഴയ്ക്കും, അതിരൂക്ഷ വരള്‍ച്ചക്കും കാരണമാകുന്നു. 2018 ലും, 2019 ലും കേരളത്തില്‍ ഉണ്ടായതു പോലുള്ള പ്രളയമഴയും തുടര്‍ വര്‍ഷങ്ങളില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലുകളും നമുക്ക് നല്‍കുന്നത് ഭീതിദമായ സൂചനകളാണ്. കാലാവസ്ഥ വ്യതിയാനം ലോകത്തെല്ലായിടത്തും പ്രകടമാണ്.
സൂര്യതാപവര്‍ദ്ധനയും, വരള്‍ച്ചയും വലിയ ഭീഷണി ഉയര്‍ത്തുന്ന വിധത്തിലേക്ക് മാറിയിരിക്കുന്നു. അടുത്ത ആറ് വര്‍ഷം കൊണ്ട് ഉഷ്ണ സമ്മര്‍ദ്ദം മൂലം ആഗോള തലത്തില്‍ 8 കോടി തൊഴില്‍ നഷ്ടം ഉണ്ടാകുമെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്.
പ്രകൃതി ദുരന്തങ്ങള്‍ക്ക് പുറമേ പുതിയ പുതിയ പകര്‍ച്ച രോഗങ്ങള്‍ കൂടി രംഗപ്രവേശം ചെയ്തതോടെ മനുഷ്യന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുന്നു. കോവിഡ് കാലം ടണ്‍ കണക്കിന് പ്ലാസ്റ്റിക്, ആശുപത്രി മാലിന്യങ്ങള്‍ ഭൂമിക്ക് സംഭാവന നല്‍കിയിരിക്കുന്നു. 2025- ല്‍ പ്ലാസ്റ്റികിന്റെ ഉല്‍പ്പാദനം 500 ദശലക്ഷം ടണ്ണിലേറെയായി ഉയര്‍ന്നിരിക്കുന്നു. 2040 ആകുമ്പോഴേക്കും സമുദ്രത്തിലെ പ്ലാസ്റ്റികിന്റെ ആകെ അളവ് 600 ദശലക്ഷം ടണ്ണിലെത്തുമെന്ന് കരുതുന്നു. ഒരു പാട് തലമുറകള്‍ക്ക് ഭീഷണിയായി പ്ലാസ്റ്റിക് തുടരുമെന്ന് സാരം.
ലോകം പുരോഗമിച്ചപ്പോള്‍ ഇ – മാലിന്യങ്ങളുടെ അളവിലും വലിയ കുതിച്ചു കയറ്റമാണ് ഉണ്ടായത്.
‘എന്റെ ജീവിതമാണ് എന്റെ സന്ദേശം ‘ എന്ന് നമ്മെ പഠിപ്പിച്ച മഹാത്മജിയും , ‘പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്‍ വരുംതലമുറകളെ കൂടി ആലോചിച്ചു കൊണ്ടു വേണം അതു ചെയ്യാന്‍ , പ്രകൃതി അവര്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന്’നമ്മെ പഠിപ്പിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ കാറല്‍ മാര്‍ക്‌സും നല്‍കിയ സന്ദേശം നാം മറന്നു കൂടാത്തതാണ്. വ്യാവസായിക വിപ്ലവത്തിലൂടെ വളര്‍ന്നു വന്ന മുതലാളിത്തവും, കോളനി മേധാവിത്വത്തിലൂടെ ലോകം മുഴുവന്‍ കാല്‍ക്കീഴിലാക്കിയ സാമ്രാജ്യത്വവും ലാഭത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലില്‍ കൊന്നൊടുക്കുന്നത് പ്രകൃതിയേയാണ്. വികസനത്തിന്റെ പേരില്‍ ലോകത്താകെ നടക്കുന്ന പേക്കൂത്തുകള്‍ ചെറു ന്യൂനപക്ഷം വരുന്ന സമ്പന്നരുടെ കീശ വീര്‍പ്പിക്കാനുള്ള മാര്‍ഗ്ഗം മാത്രമായിരിക്കുന്നു.
മാറിയ കാലത്തെങ്കിലും മനുഷ്യന്‍ തന്റെ അത്യാര്‍ത്തിക്ക് അവധി നല്‍കുമെന്ന് നമുക്ക് പ്രത്യാശിക്കാം. നാം ഒറ്റകെട്ടായി നിന്നാല്‍ നമ്മുക്ക് പ്രകൃതി ദുരന്തങ്ങളേയും, പകര്‍ച്ചവ്യാധികളേയും ചെറുത്ത് തോല്‍പ്പിച്ച് അതിജീവിക്കാനാകും. ആയതിന് പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ഒരു വികസന സങ്കല്‍പ്പവും, ശുചിത്വത്തിലൂന്നിയ ജീവിത രീതിയും നാം സ്വീകരിക്കേണ്ടിയിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഓട്ടത്തിനിടയില്‍ ബസിന്റെ മുന്‍ വശത്തു നിന്നു പുക ഉയര്‍ന്നു; പരിശോധിക്കുന്നതിനിടയില്‍ മുന്നോട്ട് നീങ്ങിയ ബസ് മറ്റൊരു ബസിലിടിച്ച് മെഡിക്കല്‍ ഷോപ്പിലേക്ക് പാഞ്ഞു കയറി, അഡൂരില്‍ ഒഴിവായത് വന്‍ ദുരന്തം

You cannot copy content of this page