പാലു വാങ്ങാൻ പോയ 17കാരനെ കുത്തി കൊലപ്പെടുത്തി, രാജ്യ തലസ്ഥാനത്തെ ‘ലേഡി ഡോൺ’ പിടിയിൽ, ആരാണ് സിക്ര?

ന്യൂഡല്‍ഹി: സീലംപുരിൽ 17 കാരനെ കൊലപ്പെടുത്തിയ കേസിൽ ‘ലേഡി ഡോൺ’ സിക്രയും സംഘവും കസ്റ്റഡിയിൽ. സീലംപുര്‍ സ്വദേശി കുനാൽ എന്ന 17 കാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. പാൽ വാങ്ങാൻ പോയ കുനാലിനെ സിക്രയും സംഘവും ചേർന്നു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഹോളി ആഘോഷങ്ങള്‍ക്കിടെ തോക്ക് കയ്യിലേന്തി പ്രകടനം നടത്തിയതിന് അറസ്റ്റിലായ സിക്ര കൊലപാതകത്തിനു 15 ദിവസം മുൻപാണ് പുറത്തിറങ്ങിയത്. ജയിലിൽനിന്നു പുറത്തിറങ്ങിയ സിക്ര തന്റെ സഹോദരനെ മർദിച്ച ലാല എന്നു പേരുള്ള യുവാവിനെ തേടി നടക്കുകയായിരുന്നു. ലാലയെക്കുറിച്ചു വിവരം നൽകാൻ കുനാലിനോട് ആവശ്യപ്പെട്ടെങ്കിലും കുനാൽ അതിനു തയാറായില്ല. അതാണ് കൊലപാതകത്തിലേക്കു നയിച്ചത്. കുനാലിനെ സിക്ര നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും അവസരം ലഭിച്ചാൽ കൊലപ്പെടുത്തുമെന്നു പറഞ്ഞിരുന്നതായും പിതാവ് പറഞ്ഞു. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കേന്ദ്രസേനാംഗങ്ങളെ വരെ സ്ഥലത്തു വിന്യസിച്ചിരുന്നു. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ഉറപ്പുനൽകിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടാണ് ഡല്‍ഹി സീലംപൂരില്‍ 17കാരനെ പിതാവിന്‍റെ മുന്‍പിലിട്ട് നാലംഗം സംഘം കുത്തിക്കൊന്നത്. സിക്രയും കൂട്ടാളികളും സീലംപൂരില്‍ തോക്കുമായി റോന്ത് ചുറ്റുന്നത് പതിവാണെന്നും പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. ഇതോടെയാണ് ലേഡി ഡോണ്‍ സിക്രയെ തിരഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വ്യാപകമായ തിരച്ചിലിനൊടുവില്‍ സിക്ര പൊലീസ് പിടിയിലായി. യുവാവിന്‍റെ കൊലപാതകത്തില്‍ നാട്ടുകാര്‍ വലിയ പ്രതിഷേധമുയര്‍ത്തിയത്. കുപ്രസിദ്ധ ഗുണ്ടാനേതാവ് ഹഷിം ബാബയുടെ വനിതാ സുഹൃത്തുകൂടിയാണ് സിക്ര. സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് സിക്രയെ പിന്തുടരുന്നത്. തോക്കുകള്‍ കൈവശമുള്ള ദൃശ്യങ്ങളടക്കം സിക്ര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ ‘ലേഡി ഡോൺ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന, ഡൽഹി അധോലോക നേതാവാണ് സിക്ര. തോക്കുമായി നിൽക്കുന്ന ഫോട്ടോകളും റീലുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ആയിരക്കണക്കിനു ഫോളോവേഴ്സുണ്ട് ലേഡി ഡോണിന്. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പോലും അഭിമാനത്തോടെ സ്വന്തം സമൂഹമാധ്യമ പേജിൽ സിക്ര പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തിനും ഏതിനും സിക്രയോടൊപ്പം ഒരു സംഘം എപ്പോഴും ഉണ്ടാകും. കുപ്രസിദ്ധ ഗുണ്ടാനേതാവ് ഹഷിം ബാബയുടെ ഭാര്യ സോയക്കൊപ്പം താമസിച്ചിരുന്ന സിക്ര സോയ ലഹരിമരുന്നു കേസിൽ ജയിലിലായതിനു ശേഷം സ്വന്തമായി ഒരു ഗുണ്ടാസംഘം ഉണ്ടാക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page