കൊച്ചി: ഡാൻസാഫ് പരിശോധനയ്ക്കിടെ മുങ്ങിയ നടൻ ഷൈൻ ടോം ചാക്കോയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ അവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. എന്നാൽ ഷൈൻ മൂന്ന് മണിക്ക് ഹാജരാകുമെന്നാണ് പിതാവ് പൊലീസിനെ അറിയിച്ചത്. ബുധനാഴ്ച രാത്രി കൊച്ചിയിലെ വേദാന്ത ഹോട്ടലിൽ നിന്ന് രക്ഷപെട്ടതിന്റെ കാരണം കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. സെൻട്രൽ എസിപി സി. ജയകുമാറിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ. അന്ന് പരിശോധനക്കെത്തിയ ഡാൻസാഫ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരിയിടപാട് നടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഈ ഇടപാടുകൾ മറയ്ക്കാനാണ് ഷൈൻ രക്ഷപ്പെട്ടതെന്നും പൊലീസ് സംശയിക്കുന്നു. നഗരത്തിലെ പ്രധാന ലഹരി വിതരണക്കാരനെ തേടിയാണ് ഡാൻസാഫ് സംഘം അന്ന് ഹോട്ടലിലെത്തിയത്. ഹോട്ടലിൽ നിന്ന് ലഹരിമരുന്നൊന്നും കണ്ടെത്താത്തതിനാൽ ഷൈനെതിരെ നിലവിൽ കേസെടുത്തിട്ടില്ല. കൊച്ചിയിൽ നിന്ന് മുങ്ങിയ ഷൈൻ പൊള്ളാച്ചിയിലേക്ക് പോയെന്നാണ് വിവരം.വിന്‍സി അലോഷ്യസിന്‍റെ പരാതി അന്വേഷിക്കുന്ന സൂത്രവാക്യം സിനിമയുടെ ഇന്‍റേണല്‍ കമ്മിറ്റിക്ക് മുന്നില്‍ ഷൈന്‍ തിങ്കളാഴ്ച തന്നെ ഹാജരാകുമെന്നും ചാക്കോ അറിയിച്ചു. ഷൈന്‍റെ വിശദീകരണത്തിന് കാത്തിരിക്കുകയാണ് താര സംഘടന അമ്മയും. ഷൈൻ അടക്കം 8 പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ട കൊക്കെയ്ന്‍ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ അഡ്വ ജനറലിന്‍റെ ഓഫീസും തുടങ്ങി.
