കൂക്കാനം റഹ്‌മാന്‍
മറവി പലപ്പോഴും അനുഗ്രഹവും അത്ഭുതവുമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
പക്ഷെ അവളെല്ലാം മറന്നെന്ന് പറയുന്നത് കേട്ടപ്പോള്‍ തോന്നിയ വികാരം എന്താണെന്ന് പോലും അയാള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. അത്ഭുതവും വേദനയും വെറുപ്പുമൊക്കെ കൂടിച്ചേര്‍ന്ന വല്ലാത്തൊരു വികാരം.
എന്നാലും ഒരു മനുഷ്യന് എങ്ങനെയാണ് ഇങ്ങനെ മാറാന്‍ സാധിക്കുന്നത്. മറന്നെന്ന് നടിക്കാന്‍ കഴിയുന്നത്?
ഇനി സ്ത്രീകളെല്ലാം ഇങ്ങനെ തന്നെ ആയിരിക്കുമോ.? ആവോ ആര്‍ക്കറിയാം. അത്ഭുതമെന്നല്ലാതെ ഇതിനെ മറ്റെന്താണ് വിശേഷിപ്പിക്കേണ്ടത്.
പത്തു കൊല്ലത്തോളമുള്ള ഉള്ളുതുറന്ന പരിചയമായിരുന്നു അവര്‍ തമ്മില്‍. പിന്നീടെപ്പോഴോ അവള്‍ തന്നെ കാരണങ്ങളുണ്ടാക്കി അകന്ന് പോവുകയായിരുന്നു. അതിന് ശേഷം ഒരു ആറേഴു കൊല്ലം തമ്മില്‍ കണ്ടതേയില്ല.
ഇപ്പൊ വീണ്ടും ഒരു വര്‍ഷത്തോളമായി ഇടയ്ക്ക് കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.
ഒരിക്കല്‍ എല്ലാം അയാള്‍ക്കായി സമര്‍പ്പിക്കാന്‍ തയ്യാറായവളാണ്. ഭയം കൊണ്ട് മാത്രം അതിരുവിട്ട ബന്ധത്തിന് അയാള്‍ മുതിര്‍ന്നില്ല എന്നതാണ് സത്യം. അവളുടെ ഇരുപത് വയസ്സിന്റെ ദൈന്യതയാണ് അന്ന് അയാളേയും അവളെയും തമ്മിലടുപ്പിച്ചത്. പതിനാറമത്തെ വയസ്സിലായിരുന്നു അവളുടെ വിവാഹം. പതിനെട്ടില്‍ അമ്മയുമായി.
പക്ഷെ ആ ദാമ്പത്യം സുഖകരമായിരുന്നില്ല. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം അവളെ വല്ലാതെ തളര്‍ത്തി.
തിരുത്താന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായി തുടങ്ങിയപ്പോള്‍ മനസ്സാല്‍ അവളയാളെ വെറുത്തു.
തുടര്‍ന്ന് പോക്ക് സാധ്യമല്ലെന്ന് തീര്‍ത്തും ബോധ്യമായപ്പോള്‍ വേര്‍പിരിയലിന് അവള്‍ തയ്യാറായി.
അതോടെ സാമ്പത്തികമായും അവള്‍ തളര്‍ന്നു. ആ ഒരു അവസ്ഥയിലാണ് അവര്‍ തമ്മില്‍ കാണുന്നതും പരിചയപ്പെടുന്നതും. പരിചയം സൗഹൃദത്തിലേക്ക് വഴിമാറിയപ്പോള്‍ കണ്ണീരോടെ അവള്‍ അവളുടെ കഥ അയാളോട് തുറന്നു പറഞ്ഞു.
ആ സ്ഥിതിയിലുള്ള ഒരാളോട് തോന്നുന്ന അനുകമ്പയും സ്നേഹവും അയാള്‍ക്ക് അവളോട് തോന്നുകയും ചെയ്തു.
അതോടെ അവളുടെ ആവശ്യങ്ങള്‍ അയാള്‍ കണ്ടറിഞ്ഞു ചെയ്യാന്‍ തുടങ്ങി.
അല്‍പസ്വല്‍പം പൊതു പ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്ന അയാള്‍ അവളുടെ സന്തോഷത്തിന് വേണ്ടി വിവിധ ഗ്രൂപ്പുകളുടെ കൂടെ പഠനയാത്രയ്ക്ക് അവളെയും കൊണ്ടുപോകുമായിരുന്നു. അപ്പോഴത്തെ അവളുടെ സന്തോഷം, സ്ഫുരിക്കുന്ന മുഖം അതൊക്കെ ഇപ്പോഴും അയാളുടെ ഓര്‍മ്മയിലുണ്ട്. എല്ലാം അവളുടെ സന്തോഷത്തിനു വേണ്ടിയായിരുന്നു. പുതിയ ഡ്രസ്സുകള്‍ വാങ്ങി കൊടുക്കും. സ്നഹത്തോടെയും ആദരവോടെയും അവളത് സ്വീകരിക്കും.
അടുത്ത ദിവസം അവള്‍ അത് ധരിച്ചു വരും. ‘എങ്ങിനെ പറ്റുന്നില്ലേ.?’ അവളുടെ ആ ചോദ്യത്തിന് ഉത്തരം പറയാതെ അയാള്‍ അവളെ പിടിച്ചണയ്ക്കും. പക്ഷെ അതിലൊന്നും കാമത്തിന്റേയോ പ്രണയത്തിന്റെയോ ലാഞ്ചന പോലുമുണ്ടായിരുന്നില്ല. ഇടയ്ക്ക് അയാള്‍ അവളുടെ വീട്ടില്‍ ചെല്ലുമായിരുന്നു. അവള്‍ അയാളുടെ വീട്ടിലും.
വെറും കയ്യോടെ ഒരിക്കലും അവള്‍ പോവാറില്ല. അയാളുടെ ഇഷ്ടങ്ങള്‍ അവള്‍ക്കറിയാം. സ്വന്തം കൃഷി ചെയ്ത പച്ചക്കറികളോ പറമ്പില്‍ വിളഞ്ഞ വാഴപ്പഴം, മാങ്ങ ഇളനീര്‍ ഇവയൊക്കെ കൊണ്ടാണ് വരവ്.
ആ സൗഹൃദം മനോഹരമായി പൊക്കോണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് അവള്‍ക്ക് വേറൊരാളുമായി അടുപ്പമുണ്ടെന്ന് അയാള്‍ അറിയുന്നത്. അതിലൊന്നും അയാള്‍ക്ക് പരിഭവമുണ്ടായിരുന്നില്ല.
സ്ത്രീസൗഹൃദത്തില്‍ അല്‍പം താല്‍പര്യമുള്ള വ്യക്തിയായിരുന്നു അയാള്‍. സ്ത്രീകള്‍ക്ക് ഏതു തരത്തിലുള്ള സഹായം ചെയ്യാനും ആ വ്യക്തി തയ്യാറുമായിരുന്നു. സാമ്പത്തികമായി നല്ല നിലയിലായിരുന്നു അദ്ദേഹമെന്നത് കൊണ്ട് അതിനൊന്നും മടിയുമുണ്ടായിരുന്നില്ല. അത്തരം ഒരു വ്യക്തിയുമായുള്ള അടുപ്പം അയാള്‍ ഇഷ്ടപ്പെടില്ല എന്നു അവള്‍ക്കറിയാമായിരുന്നു. സത്യത്തില്‍ അയാള്‍ക്ക് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല.
അത് കൊണ്ട് തന്നെ ആ വ്യക്തിയുമായുള്ള അടുപ്പത്തിന് അയാള്‍ എതിര്‍പ്പു പ്രകടിപ്പിച്ചതുമില്ല.
അതോടെ സ്ത്രീമനസ്സ് ചഞ്ചലമാണെന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങുകയായിരുന്നു.
അതില്‍ അല്‍പം വേദനയുമുണ്ടായിരുന്നു. പക്ഷെ പരാതി പറയാനോ പരിഭവം കാണിക്കാനോ അയാള്‍ മുതിര്‍ന്നില്ല.
പുതിയ ചങ്ങാത്തമാണ് കൂടുതല്‍ ഭദ്രമെന്ന് അവള്‍ വിശ്വസിച്ചു. അതോടെ അയാളുമായുള്ള പഴയ ബന്ധത്തില്‍ നിന്ന് അവള്‍ അകലം പാലിച്ചു തുടങ്ങി. പക്ഷെ അതിനിടയില്‍ വേറൊരു സംഭവം കൂടെ അവര്‍ക്കിടയിലുണ്ടായി.
അവളുടെ പുതിയ ബന്ധത്തെക്കുറിച്ചറിഞ്ഞ ആരോ ഒരാള്‍ അവരെ വളരെ മോശമായി പരാമര്‍ശിച്ചു കൊണ്ട് ഒരു ഊമക്കത്തെഴുതി, അവള്‍ക്കയച്ചു. കത്തുമായി അവള്‍ ആദ്യം ചെന്നത് പുതുതായി പരിചയപ്പെട്ട അതില്‍ പരാമര്‍ശിച്ച വ്യക്തിയെ തന്നെയായിരുന്നു. ‘നമ്മെ തമ്മില്‍ തെറ്റിക്കാന്‍ അയാളാണ് ഈ കത്തെഴുതിയതെന്ന് അവള്‍ പുതിയ കൂട്ടുകാരനെ ബോധ്യപ്പെടുത്തി. അതോടെ പലരുടെയും മുന്നില്‍ അയാളൊരു മോശം വ്യക്തിയായി അയാള്‍ മാറി.
ഇതൊരു ചതിയാണെന്ന് അയാള്‍ക്കറിയാമായിരുന്നു. വേദനയും തോന്നിയിരുന്നു. വീഴുമ്പോള്‍ താങ്ങിയ കയ്യില്‍ തന്നെ വെട്ടിയ അതെ വേദന. എന്നിട്ടും അയാള്‍ അവളെ വെറുത്തില്ല. വെറുപ്പ് കാണിച്ചതുമില്ല.
പക്ഷെ ക്രമേണ അവള്‍ തന്നെ അയാളില്‍ നിന്ന് അകന്നു പോയി.
അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷം അയാളും അവളും വീണ്ടും കണ്ടുമുട്ടുന്നു.
മുമ്പ് കണ്ട, സംസാരിച്ച സഹായിച്ച വ്യക്തിയാണിതെന്ന് പോലും അവള്‍ മറന്ന പോലെയായിരുന്നു പെരുമാറ്റം.
സാമാന്യ മര്യാദയെന്ന നിലയില്‍ അടുത്ത കണ്ട ഒരു ഹോട്ടലിലേക്ക് അയാള്‍ അവളെ ചായ കുടിക്കാനായി ക്ഷണിച്ചു.
മനസ്സില്ലാമനസ്സോടെയാണ് അവള്‍ പോയത് പോലും. അയാള്‍ക്ക് അവള്‍ അപരിചിതയായിരുന്നില്ല. ഇപ്പോഴത്തെ അവളുടെ വിശേഷങ്ങള്‍ ഒക്കെ സമൂഹ മാധ്യമങ്ങളിലൂടെ അയാള്‍ അറിയുന്നുണ്ടായിരുന്നു.
പുതുക്കിയ വര്‍ത്താമാനത്തിന്റെ ഇടയില്‍ വെറുതെ അയാളൊന്ന് ചോദിച്ചു നോക്കി. ‘പഴയകന്യാകുമാരി യാത്ര എങ്ങിനെയെന്ന് ഓര്‍ക്കുന്നുണ്ടോ.?’ ‘ഇല്ല’
ആ ഒറ്റവാക്കില്‍ അവളയാളുടെ ചോദ്യത്തെ മുറിച്ചു കളഞ്ഞു.
‘യാത്രയ്ക് പോകാന്‍ വാങ്ങിത്തന്ന സാരിയുടെ കളര്‍ ഏതായിരുന്നു?’
വിട്ട് കൊടുക്കാന്‍ മനസ്സില്ല എന്ന പോലെ അയാള്‍ വീണ്ടും ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു.
‘മറന്നുപോയി.’ ‘കോഴിക്കോട് മീറ്റിംഗിന് ചെന്നതും വൈകിയതിനാല്‍ മുറി എടുക്കാന്‍ ശ്രമിച്ചതും ഓര്‍മ്മയുണ്ടോ?’
‘അതെല്ലാം ഓര്‍ക്കാന്‍ കഴിയുമോ?’ ‘വീട്ടില്‍ വന്നതും, പോയതും ഓര്‍മ്മയുണ്ടോ?’
‘ഇല്ല,ഒന്നും ഓര്‍മ്മയില്ല.’ മുന്‍പ് അയാളും അവളും തമ്മിലുണ്ടായ ഇടപെടലുകളെക്കുറിച്ചു ചോദിച്ചതിനെല്ലാം ‘അറിയില്ല ഓര്‍മ്മയില്ല’. എന്ന് തന്നെയായിരുന്നു അവളുടെ മറുപടി. ആ നിമിഷം അയാള്‍ക്ക് അയാളോട് തന്നെ പുച്ഛം തോന്നിക്കാണണം.
സ്നേഹം നല്‍കിയതും സഹായിച്ചതും എല്ലാം വെറുതെ. ലഭിച്ച സഹായങ്ങളും നടന്ന സംഭവങ്ങളുമൊക്കെ ഇത്ര പെട്ടന്ന് മറവിലേക്ക് വലിച്ചെറിയാന്‍ എങ്ങനെയാണ് സാധിക്കുന്നത്? സത്യത്തില്‍ വഞ്ചനയല്ലേയിത്. ആയിരിക്കാം.