മലപ്പുറം: മാതാവിനൊപ്പം ഡോക്ടറെ കാണാന്‍ എത്തിയ കുട്ടിയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത രണ്ടു തമിഴ് യുവതികള്‍ അറസ്റ്റില്‍. തമിഴ്‌നാട്, സ്വദേശിനികളായ മഞ്ചസ് (25), ദീപിക (40) എന്നിവരെയാണ് താനൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കേരളത്തിന്റെ വിവിധ ഭാഗങ്ങില്‍ ഇരുവര്‍ക്കുമെതിരെ സമാനരീതിയിലുള്ള കേസുള്ളതായി പൊലീസ് പറഞ്ഞു. മാര്‍ച്ച് 20ന് എടക്കടപ്പുറം സ്വദേശിനിയുടെ കുട്ടിയുടെ കഴുത്തില്‍ നിന്നു മാല മോഷ്ടിച്ച കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. മാതാവിനൊപ്പം താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു കുട്ടി.
കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മാല പൊട്ടിച്ചെടുത്തവരെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്.
മാന്യമായ വേഷം ധരിച്ച് ആര്‍ക്കും സംശയം തോന്നാത്ത രീതിയിലാണ് മഞ്ചസും ദീപികയും ആള്‍ത്തിരക്കുള്ള സ്ഥലങ്ങളില്‍ എത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു. ഒരിടത്ത് കവര്‍ച്ച നടത്തിയാല്‍ മാസങ്ങളോളം ആ പ്രദേശത്തേക്ക് എത്താതിരിക്കാന്‍ ഇരുവരും ശ്രദ്ധിച്ചിരുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. പ്രതികളെ പരപ്പനങ്ങാടി കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
