ചെന്നൈ: തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിനു അജിത്തിന്റെ പുതിയ സിനിമ ‘ഗുഡ് ബാഡ് അഗ്ലി’യുടെ നിർമാതാവിന് സംഗീത സംവിധായകൻ ഇളയരാജ വക്കീൽ നോട്ടിസയച്ചു. 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് നോട്ടിസിൽ ഇളയരാജ ആവശ്യപ്പെടുന്നു.‘ഒത്ത രൂപയും ദാരേൻ…’, ‘എൻ ജോഡി മഞ്ഞക്ക് കുരുവി…’, ‘ഇളമൈ ഇതോ, ഇതോ…’ എന്നീ ഗാനങ്ങൾ ചിത്രത്തിൽ ഉപയോഗിച്ചതിനെതിരെയാണ് ഇളയരാജ രംഗത്തെത്തിയത്. ചിത്രത്തിൽ നിന്നു ഇവ നീക്കം ചെയ്യാൻ 7 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് നോട്ടിസിൽ വ്യക്തമാക്കുന്നു. നിരുപാധികം മാപ്പു പറയണമെന്നും ഇതിൽ ആവശ്യപ്പെടുന്നു.ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ തിയറ്ററിൽ മികച്ച കളക്ഷനുമായി മുന്നേറുന്നതിനിടെയാണ് നടപടി. ഏപ്രിൽ 10ന് റിലീസ് ചെയ്ത ചിത്രത്തിനു മികച്ച പ്രതികരണമാണ് അജിത്ത് ആരാധകരിൽ നിന്നു ലഭിക്കുന്നത്. അജിത്തിന്റെ സൂപ്പർഹിറ്റ് സിനിമകളുടെ റഫറൻസുകൾ ഉൾപ്പെടെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. ആഗോള ബോക്സോഫീസിൽ നിന്നു 170 കോടി രൂപയിലേറെ ചിത്രം സ്വന്തമാക്കിയെന്നാണ് വിവരം. നേരത്തേയും തന്റെ ഗാനങ്ങളുടെ അനുമതിയില്ലാതെയുള്ള ഉപയോഗത്തിനെതിരെ ഇളയരാജ നിയമനടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മലയാള ചിത്രം ‘മഞ്ഞുമ്മൽ ബോയ്സി’നെതിരെയും ഇളയരാജ സമാനമായ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ‘കൺമണി അൻപോടു കാതലൻ’ എന്ന ഗാനം അനുമതിയില്ലാതെ സിനിമയിൽ ഉപയോഗിച്ചതിനു 2 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടിസ്. 60 ലക്ഷം രൂപ നൽകി സിനിമയുടെ അണിയറ പ്രവർത്തകർ പ്രശ്നം പരിഹരിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
