ആലപ്പുഴ: മലപ്പുറത്തിനെതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. വെള്ളാപ്പള്ളിയെ ജനങ്ങൾക്കറിയാമെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയെ വേറോരു രീതിയിൽ കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. 11ന് എസ്എൻഡിപി യോഗം ചേർത്തല യൂണിയൻ സംഘടിപ്പിക്കുന്ന വെള്ളാപ്പള്ളിക്കുള്ള സ്വീകരണ പരിപാടിയിൽ പങ്കെടുക്കും. ഇതിൽ രാഷ്ട്രീയ വിരുദ്ധതയുണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായ പരിപാടിയിൽ മന്ത്രിമാരായ പി.പ്രസാദ്, പി.രാജീവ്,വി.എൻ. വാസവൻ എന്നിവരും പങ്കെടുക്കുന്നുണ്ട്. മലപ്പുറം പ്രത്യേക രാജ്യമാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരെ എൽഡിഎഫിനുള്ളിൽ പ്രതിഷേധം ശക്തമാണ്. നവോത്ഥാന സമിതി ചെയർമാൻ സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളിയെ നീക്കണമെന്ന് എൽഡിഎഫ് ഘടകക്ഷിയായ ഐഎൻഎൽ ആവശ്യപ്പെട്ടു. ഒപ്പം സിപിഐയും ആർജെഡിയും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.
