ചെന്നൈ: നടനും തമിഴ് വെട്രി കഴകം നേതാവുമായ വിജയ് യുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു. വിജയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണിത്.സിആർപിഎഫിന്റെ വിഐപി സുരക്ഷാ വിഭാഗമാണ് വിജയ്ക്കു സുരക്ഷ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി വിജയ് യുടെ തമിഴ്നാട് സന്ദർശനങ്ങളിൽ 8 സായുധ കമാൻഡോകൾ അനുഗമിക്കും.കഴിഞ്ഞ വർഷം ഫെബ്രുവരി 2 നാണ് വിജയ് രാഷ്ട്രീയ പാർട്ടിയായ തമിഴ് വെട്രി കഴകത്തിനു രൂപം നൽകിയത്. അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന പര്യടനത്തിനു ഉൾപ്പെടെ ഒരുങ്ങുന്നതിനിടെയാണ് സുരക്ഷ വർധിപ്പിച്ചത്.
