കാസര്‍കോട്: പടക്കം പൊട്ടിച്ചതിലുള്ള വിരോധം മൂലമാണെന്നു പറയുന്നു, മാരകായുധങ്ങളുമായി എത്തിയ സംഘം നാലു പേരെ ആക്രമിച്ചു. കുത്തും വെട്ടുമേറ്റ പരിക്കുകളോടെ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്കള, സിറ്റിസണ്‍ നഗര്‍ ഫയാസ് വില്ലയിലെ ഇബ്രാഹിം സൈനുദ്ദീന്‍ (62), മകന്‍ ഫവാസ് (20), ബന്ധുക്കളായ റസാഖ് മുഹമ്മദ് (50), മുനീഷ് ടിഎം (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ ഫവാസിനെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ചെങ്കളയിലെ നായനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്നു പേരെ വിദ്യാനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അക്രമ സംഭവം നടന്നത്. പ്രതികള്‍ നേരത്തെ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത വിരോധത്തില്‍ കത്തിയും വടിവാളുമായി എത്തിയ പത്തംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്നു വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അബ്ദുല്‍ ഖാദര്‍ എന്ന ചെക്കു, അജ്ജു, മുജ്ജു, മൊയ്തീന്‍, നാഫിസ് തുടങ്ങിയവര്‍ക്കും കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കുമെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
