കാസര്‍കോട്: കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പ സി ബി ഐയിലേക്ക്. ഇതു സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് തിങ്കളാഴ്ച ഇറങ്ങിയേക്കുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു. ബംഗ്‌ളൂരുവിലായിരിക്കും ശില്‍പ്പയ്ക്ക് സി ബി ഐയില്‍ നിയമനം ലഭിക്കുക. അഞ്ചുവര്‍ഷത്തേയ്ക്കാണ് ഡെപ്യൂട്ടേഷന്‍ നിയമനം.
കാസര്‍കോട് എ എസ് പിയായിട്ടാണ് ഡി ശില്‍പ്പ കേരള പൊലീസില്‍ എത്തിയത്. പിന്നീട് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി രണ്ടുതവണ സേവനമനുഷ്ഠിച്ചു. കോട്ടയം, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളിലും പൊലീസ് മേധാവിയായി സേവനമനുഷ്ഠിച്ചു. പൂച്ചക്കാട്ടെ പ്രവാസി വ്യവസായി ഗഫൂര്‍ ഹാജി കൊലക്കേസ് അന്വേഷണത്തിനു നേതൃത്വം കൊടുത്തത് ഡി ശില്‍പ്പയാണ്. ജില്ലയെ ലഹരി വിമുക്തമാക്കുന്നതിനും ഒട്ടേറെ ശ്രമങ്ങള്‍ നടപ്പിലാക്കിയിരുന്നു. കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലക്കേസ്, തിരുവനന്തപുരത്തെ ഷാരോണ്‍ വധക്കേസ് എന്നിവ തെളിയിക്കുന്നതിലും നേതൃത്വം നല്‍കിയ ഡി ശില്‍പ്പ ബംഗ്‌ളൂരു, എച്ച് എസ് ആര്‍ ലേ ഔട്ട് സ്വദേശിനിയാണ്.
