കാസര്‍കോട്: അമ്പലത്തറ, പറക്കളായിയില്‍ പുലിയിറങ്ങി. പറക്കളായി, കല്ലടംചിറ്റയിലെ വികാസിന്റെ വീട്ടുമുറ്റത്താണ് പുലിയെത്തിയത്. പുലിയുടെ വ്യക്തമായ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. മുറ്റത്ത് കെട്ടിയിട്ടിരുന്ന വളര്‍ത്തു നായയയെ കാണാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴാണ് അവശിഷ്ടങ്ങള്‍ വീട്ടിനു സമീപത്തു കണ്ടത്. തുടര്‍ന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലിയെത്തിയ കാര്യം വീട്ടുകാര്‍ അറിഞ്ഞത്. റോഡില്‍ നിന്നു പുലി വീട്ടു വളപ്പിലേക്ക് കയറി വരുന്നതിന്റെയും ചുറ്റിക്കറങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
നേരത്തെയും പറക്കളായി ഭാഗങ്ങളില്‍ പുലിയിറങ്ങിയത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു.
