കാസര്‍കോട്: ചെറിയ പെരുന്നാള്‍ ദിനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒട്ടേറെ വിശ്വാസികളാണ് പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തത്. വ്രതാനുഷ്ഠാനവും രാവേറെ നീണ്ടു നിന്ന പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവും കൊണ്ട് ധന്യമാക്കപ്പെട്ട പുണ്യ റംസാന്‍ മാസത്തിന് വിടചൊല്ലിയാണ് ഇസ്ലാം മതവിശ്വാസികള്‍ തിങ്കളാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. ജില്ലയിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലും നടന്ന ചെറിയപെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്ത് വിശ്വാസികള്‍ പരസ്പരം സൗഹൃദം കൈമാറി. നിര്‍ബന്ധിത ദാനകര്‍മമായ ഫിത്വര്‍ സക്കാത്ത് പൂര്‍ത്തിയാക്കിയാണ് ആഘോഷത്തിലേക്ക് കടന്നത്. തളങ്കര മാലിക് ദീനാര്‍, നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ്, മുട്ടത്തൊടി സുന്നീ മസ്ജിദ്, പോത്താംകണ്ടം ജുമാ മസ്ജിദ്, നൂര്‍ മസ്ജിദ് തങ്കയം, ബദരിയ ജുമാ മസ്ജിദ്, ഖിളര്‍ ജുമാ മസ്ജിദ് മഞ്ഞംപാറ, ചേരങ്കൈ ജുമാ മസ്ജിദ്, ചെമ്മനാട് ജുമാ മസ്ജിദ്, പടന്നക്കാട് ജുമാ മസ്ജിദ്, പഞ്ചിക്കല്‍ ജുമാ മസ്ജിദ്, ചൗക്കി ബദര്‍ നഗര്‍ ജുമാ മസ്ജിദ് തുടങ്ങി വിവിധ മസ്ജിദുകളില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ നടന്നു. കാസര്‍കോട് കെഎന്‍എം ടൗണ്‍ സലഫി ജുമാ മസ്ജിദിന്റെ നേതൃത്വത്തില്‍ പ്രസ് ക്ലബ് ഗ്രൗണ്ടില്‍ ഈദ് ഗാഹ് സംഘടിപ്പിച്ചു. ഖത്വീബ് ചുഴലി അബ്ദുള്ള മൌലവി നമസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം നല്‍കി. സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെ പ്രതിജ്ഞയായിരുന്നു ഈദ് ഗാഹിന്റെ സവിശേഷത. കാഞ്ഞങ്ങാട്ടും ഈദ് ഗാഹ് നടന്നു.
