തെലുങ്കാന: പ്രണയിച്ച രണ്ടുയുവതികളെയും ഒരേവേദിയില്‍വെച്ച് താലിചാര്‍ത്തി തെലുങ്കാനയിലെ ഒരു യുവാവ്. കുമുരംഭീം ആസിഫാബാദ് ജില്ലയിലെ ഗുംനൂര്‍ നിവാസിയായ സൂര്യദേവ് ആണ് വരന്‍.
ഗോത്ര ആചാരങ്ങള്‍ പാലിച്ച് ഗ്രാമത്തിലെ മുതിര്‍ന്നവരെ സാക്ഷികളാക്കി ഒറ്റ ചടങ്ങില്‍ ഇരുവരെയും വരന്‍ വിവാഹം കഴിച്ചു. ഇവരുടെ വിവാഹചടങ്ങിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കനക ലാല്‍ ദേവി, ഝാല്‍ക്കാരി ദേവി എന്നിവരെയാണ് സൂര്യദേവ് ഒരേവേദിയില്‍ വച്ച് വിവാഹം കഴിച്ചത്. രണ്ടുപേരുമായും സൂര്യദേവ് പ്രണയത്തിലായിരുന്നു. തുടര്‍ന്ന് മൂവരും ചേര്‍ന്നാണ് ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനമെടുത്തതെന്നും ഇതിനുപിന്നാലെയാണ് ഒരേചടങ്ങില്‍ വിവാഹം കഴിച്ചതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിദാം രൂപാഭായിയുടെയും ശ്രീമാരുതിയുടെയും മകനായ സൂര്യദേവ് ഹൈദരാബാദില്‍ സിനിമാ മേഖലയിലാണ് ജോലി ചെയ്യുന്നത്. സിര്‍പൂര്‍ (യു) മണ്ഡലത്തിലെ ഷെട്ടിഹഡ്പനൂര്‍ രാജുലഗുഡ സ്വദേശിനി കനക ലാലുമായി മൂന്ന് വര്‍ഷത്തെ ബന്ധത്തിലായിരുന്നു യുവാവ്. അതിനിടെ പുല്ലാര ഗ്രാമത്തിലെ അത്രം ജല്‍ക്കര്‍ ദേവിയുമായും സൂര്യദേവിന് അടുപ്പമുണ്ടായിരുന്നു.
രണ്ടുയുവതികളെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും ഗ്രാമത്തിലെ പ്രായമുള്ളവര്‍ ആദ്യം ഇതിനെ അനുകൂലിച്ചില്ല. എന്നാല്‍, പിന്നീട് ഇവര്‍ വിവാഹത്തിന് സമ്മതം നല്‍കുകയും ആഘോഷപൂര്‍വം മാര്‍ച്ച് 27നു വിവാഹചടങ്ങ് നടത്തുകയുമായിരുന്നു. വിവാഹത്തിന് മുന്നോടിയായി അച്ചടിച്ച ക്ഷണക്കത്തിലും വരന്റെ പേരിനൊപ്പം രണ്ട് വധുക്കളുടെയും പേരുകള്‍ ചേര്‍ത്തിരുന്നു. ആചാരപ്രകാരമാണ് വിവാഹചടങ്ങുകളും നടന്നത്. മൂവരുടെയും ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം വിവാഹചടങ്ങില്‍ പങ്കെടുത്തു. അതേസമയം, ഹിന്ദു വിവാഹനിയമപ്രകാരം രാജ്യത്ത് ബഹുഭാര്യാത്വം നിയമവിരുദ്ധമാണ്. എന്നാല്‍, തെലങ്കാന ഉള്‍പ്പെടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും നേരത്തെയും സമാനമായരീതിയില്‍ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്.
