കണ്ണൂര്‍: സ്ഥലത്തിന്റെ സ്‌കെച്ച് അനുവദിക്കുന്നതിനു 1000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ രണ്ടു വര്‍ഷത്തെ കഠിനതടവിനും 40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാസര്‍കോട്, ആദൂര്‍ ഗ്രൂപ്പ് വില്ലേജ് ഓഫീസറായിരുന്ന കെ. അനില്‍ കുമാറി(47)നെയാണ് തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജി കെ. രാമകൃഷ്ണന്‍ ശിക്ഷിച്ചത്. ചെമ്മനാട്, പരവനടുക്കം സ്വദേശിയാണ് അനില്‍ കുമാര്‍. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.
ഉമര്‍ഫാറൂഖ് എന്നയാളുടെ സ്ഥലത്തിന് സ്‌കെച്ചിന് അപേക്ഷിച്ചപ്പോള്‍ 1500 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയും 1000 രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.
കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പിയായിരുന്ന കെ. ദാമോദരന്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2013 ഒക്ടോബര്‍ 21ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഇന്‍സ്‌പെക്ടര്‍മാരായ ഡോ. വി. ബാലകൃഷ്ണന്‍, ടി.പി സുമേഷ്, സിഎം ദേവദാസ്, ഡിവൈ.എസ്.പി രഘുരാമന്‍ എന്നിവര്‍ അന്വേഷിച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത്.







