കാസര്‍കോട്: അമിതമായ ലാഭം വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത ജിബിജി (ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ്)ക്കും മാനേജിംഗ് ഡയറക്ടര്‍ ഡി. വിനോദ് കുമാറിനും എതിരെ ബേഡകം പൊലീസ് രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. മാവുങ്കാല്‍, ആനന്ദാശ്രമം, ഹരിപുരത്തെ കെ. ശ്രീധരന്റെ പരാതിയിലാണ് ഒരു കേസ്. 2022 മെയ് 10ന് അഞ്ചു ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച് ജിബിജിയും വിനോദ് കുമാറും വഞ്ചിച്ചുവെന്നാണ് കേസ്. ശ്രീധരന് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതോടെയാണ് കേസെടുത്തത്.
പറക്കളായി, ബാലൂരിലെ തമ്പാന്റെ പരാതിയിലാണ് കോടതി നിര്‍ദ്ദേശപ്രകാരം മറ്റൊരു കേസു കൂടി ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടരലക്ഷം രൂപ നിക്ഷേപമായി വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
ജിബിജി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം പരാതികളാണ് ഇതിനോടകം പൊലീസില്‍ ലഭിച്ചിട്ടുള്ളത്.
