പെര്‍വാഡ് ദേശീയപാതയില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം തുടങ്ങി

കുമ്പള: ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്ന സ്ഥലത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അനിശ്ചിതത്വത്തിലായ കുമ്പള പെര്‍വാഡ് ദേശീയപാതയില്‍ തര്‍ക്കങ്ങള്‍ നീക്കി ഫുട്ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം തുടങ്ങി.
മൂന്നുമാസം മുമ്പ് ഫുട്ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണം തുടങ്ങിയ സമയത്ത് സ്വകാര്യ വ്യക്തി നല്‍കിയ പരാതിയില്‍ കുമ്പള പഞ്ചായത്ത് ഇടപെട്ടാണ് ജോലി നിര്‍ത്തിവക്കാന്‍ നിര്‍മ്മാണ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടത്. ഇത് നാട്ടുകാര്‍ക്കിടയില്‍ വലിയ ഒച്ചപ്പാടിന് വഴിവെച്ചിരുന്നു. നൂറു ദിവസത്തിലേറെ നടത്തിയ സമരങ്ങളിലൂടെ നാട്ടുകാര്‍ നേടിയെടുത്തതാണ് ഫുട്ഓവര്‍ ബ്രിഡ്ജ്. സമരത്തിന് ഐക്യദാര്‍ഢ്യവുമായി മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും, ജനപ്രതിനിധികളും സമരപ്പന്തലില്‍ എത്തിയിരുന്നു. നൂറുകണക്കിന് സ്ത്രീകള്‍ കൈകുഞ്ഞുമായാണ് സമരപ്പന്തലില്‍ എത്തിയിരുന്നത്. അടിപ്പാതയ്ക്ക് വേണ്ടിയായിരുന്നു സമരമെങ്കിലും അത് അനുവദിച്ചു കൊടുക്കാന്‍ ദേശീയപാത അതോറിറ്റി തയ്യാറായില്ല. പകരം ഫുട്ഓവര്‍ ബ്രിഡ്ജ് പരിഗണിക്കുകയായിരുന്നു.
ഫുട്ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം തടസ്സപ്പെട്ടതില്‍ കുമ്പള ഗ്രാമ പഞ്ചായത്തും, നാട്ടുകാരും തമ്മില്‍ തുറന്ന പോരിന് വഴിവച്ചിരുന്നു. ഒടുവില്‍ എകെഎം അഷ്‌റഫ് എംഎല്‍എ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എന്നിട്ടും നിര്‍മ്മാണത്തില്‍ അനശ്ചിതത്വം തുടരുന്നതില്‍ നാട്ടുകാര്‍ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞാഴ്ചയോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രദേശവാസികള്‍ക്ക് ദേശീയപാത മുറിച്ചു കടക്കാനുള്ള സാഹചര്യം ഫുട്ഓവര്‍ ബ്രിഡ്ജിലൂടെയെങ്കിലും അനുവദിച്ചു കിട്ടിയതിലുള്ള സന്തോഷത്തിലാണ് നാട്ടുകാര്‍. ഇത് പെര്‍വാഡ് ഭാഗത്ത് നിന്ന് വരുന്ന നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page