കാസര്‍കോട്: വൊര്‍ക്കാടി, പാത്തൂരില്‍ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക, മലാര്കോടി സ്വദേശിയും കൂലിപ്പണിക്കാരനുമായ ശിവപ്പ നായിക് (45)ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ പാത്തൂര്‍, മലാര്‍ പുഴയിലാണ് മൃതദേഹം കാണപ്പെട്ടത്. ശിവപ്പ നായിക് കടത്തിണ്ണകളിലും മറ്റുമാണ് കിടന്നുറങ്ങാറെന്ന് ബന്ധുക്കള്‍ പറഞ്ഞു. അപസ്മാര രോഗിയായ ഇയാള്‍ സ്ഥിരം മദ്യപാനിയുമായിരുന്നുവത്രെ.
പരേതനായ തിമ്മപ്പനായിക്-ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരന് നാരായണ നായികും മാതാവ് ലക്ഷ്മിയും പൈവളിഗെ, ചന്ദ്രഗിരി ഗുഡ്ഡയിലാണ് താമസം. ഈ വീട്ടിലേക്ക് അപൂര്‍വ്വമായേ ശിവപ്പ നായിക് പോയിരുന്നുവുള്ളുവെന്നും പറയുന്നു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
