കാസര്‍കോട്: കാണാതായ യുവതി കാമുകനെ വിവാഹം കഴിച്ച ശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പട്ള, കുതിരപ്പാടിയിലെ റുശാലി(18)യാണ് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.
കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിനു വിട്ടതോടെ ഭര്‍ത്താവിനൊപ്പം പോയി.
ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് റുശാലിയെ വീട്ടില്‍ നിന്നു കാണാതായത്. ഇതു സംബന്ധിച്ച് മാതാവ് കെ മല്ലിക വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മീപ്പുഗിരിയില്‍ താമസിക്കുന്ന ലോകേഷ് എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ പറഞ്ഞിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് റുശാലിയും ലോകേഷും തമ്മിലുള്ള വിവാഹം ചട്ടഞ്ചാല്‍, തൈരയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് നടന്നത്. കല്യാണവേഷത്തില്‍ തന്നെ യുവതിയും വരനും പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
