കാസര്‍കോട്: ബംഗളൂരുവില്‍ നിന്ന് വില്പനക്കായി എത്തിച്ച എംഡിഎംഎയുമായി നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ യുവാവ് പിടിയില്‍. പടന്നക്കാട് സ്വദേശി കൂമന് എന്ന വിഷ്ണുവി(28)നെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് എത്തിയത്. ശനിയാഴ്ച രാവിലെ ബംഗളൂരുവില്‍ നിന്ന് യശ്വന്ത്പൂര്‍ -കണ്ണൂര്‍ എക്സ്പ്രസിലാണ് വിഷ്ണു നീലേശ്വരത്ത് എത്തിയത്. പ്ലാറ്റ് ഫോമിലൂടെ നടന്നുവരുന്നതിനിടെ ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ യുവാവിനെ വളഞ്ഞു പിടികൂടുകയായിരുന്നു. പരിശോധനയില്‍ 19 ഗ്രാം എംഡിഎംഎ യുവാവില്‍ നിന്നും കണ്ടെടുത്തു. കാപ്പാ കേസിലെ പ്രതി കൂടിയാണ് വിഷ്ണു. നീലേശ്വരം എസ് ഐമാരായ അരുണ്‍ മോഹന്‍, കെവി രതീഷ്, ഡിവൈഎസ്പിയുടെ സ്ക്വാഡിലെ അബൂബക്കര്‍ കല്ലായി, സജീഷ്, നിഖില്‍, സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ദിലീഷ് പള്ളിക്കൈ, രമേശന്, മഹേഷ്, സജിത്ത്, അജിത്ത് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
