കാസര്‍കോട്: ചെറുവത്തൂരില്‍ ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി വാഹന ഗതാഗതത്തില്‍ ഞായറാഴ്ച മുതല്‍ മാറ്റം വരുന്നു. ചെറുവത്തൂര്‍ അടിപ്പാതയുടെയും സര്‍വീസ് റോഡിന്റെയും നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാഹനങ്ങള്‍ വഴി തിരിച്ചുവിടും. നീലേശ്വരം ഭാഗത്ത് നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊവ്വല്‍ ജമാ മസ്ജിദ് സമീപത്ത് നിന്നു പഴയ ദേശീയപാത വഴി ചെറുവത്തൂര്‍ ടൗണില്‍ എത്തി പടന്ന റോഡില്‍ പ്രവേശിച്ച് അടിപ്പാതയ്ക്ക് സമീപം ഇടതു ചേര്‍ന്ന് പുതിയ ദേശീയപാതയിലേക്ക് പ്രവേശിച്ച് പയ്യന്നൂര്‍ ഭാഗത്തേക്ക് പോകണം.
നീലേശ്വരം ഭാഗത്തേക്കുള്ള ബസുകള്‍ പടന്ന റോഡിലൂടെ ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരിച്ചു പോയ വഴി തന്നെ പുതിയ ഹൈവേയില്‍ തിരിച്ചെത്തി നീലേശ്വരം ഭാഗത്തേക്ക് പോകണം. ചെറുവത്തൂരില്‍ നിന്ന് പഴയ ദേശീയപാത വഴി കൊവ്വല്‍ ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നതല്ല. പയ്യന്നൂര്‍ ഭാഗത്ത് നിന്ന് ദേശീയപാത വഴി നീലേശ്വരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ നിലവില്‍ പോകുന്ന വഴി തന്നെ ഉപയോഗിക്കാം.
