തൃശ്ശൂർ: പെരുമ്പിലാവിൽ ലഹരി മാഫിയ സംഘങ്ങൾ ഏറ്റുമുട്ടി. വെട്ടേറ്റ യുവാവ് മരിച്ചു. മരത്തംകോട് സ്വദേശി അക്ഷയ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പെരിമ്പിലാവ് നാല് സെന്റ് ആൽത്തറ കോളനിയിലാണ് കൊലപാതകം നടന്നത്. സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയത് എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ലഹരി മാഫിയകൾ തമ്മിലുള്ള വാക്കുതർക്കവും വൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ലിഷോയിയുടെ വീട്ടിലേക്ക് അക്ഷയ് അടക്കമുള്ള സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ചാണ് സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കമുണ്ടായത്. തുടർന്ന് അക്ഷയ്‌യെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ അക്ഷയ്‌യെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അധികം സമയം കഴിയും മുൻപെ അക്ഷയ് മരിച്ചു. തുടർന്ന് മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്ഷയ്‌യുടെ പ്രത്യാക്രമണത്തിലാണ് ബാദുഷയ്ക്ക് പരിക്കേറ്റത്. മറ്റൊരു സുഹൃത്തായ ലിഷോയി ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിലിലാണ് പൊലീസ്. കൊല്ലപ്പെട്ട അക്ഷയ് നിരവധി കേസുകളിൽ പ്രതിയാണ്.
