കൊച്ചി: പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയില്‍ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ പീഡനത്തിനിരയായി. സംഭവത്തില്‍ കുട്ടികളുടെ മാതാവിന്റെ സുഹൃത്ത് പിടിയിലായി. അയ്യമ്പുഴ സ്വദേശി ധനേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നത്. പീഡനവിവരം കുട്ടികള്‍ മാതാവിനോട് പറഞ്ഞിരുന്നു. എന്നാല്‍ സംഭവം അറിഞ്ഞിട്ടും മാതാവ് മറച്ചുവയ്ക്കുകയാണ് ഉണ്ടായത്.
മാതാവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. കുറുപ്പംപടിക്കടുത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വച്ചാണ് കുട്ടികള്‍ പീഡനത്തിന് ഇരയായത്. ലോറി ഡ്രൈവറാണ് പ്രതി ധനേഷ്. പെണ്‍കുഞ്ഞുങ്ങളുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മരിച്ചിരുന്നു. അദ്ദേഹം രോഗിയായിരുന്ന കാലത്ത് ധനേഷ് കുമാറിന്റെ ടാക്‌സിയാണ് ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റും വിളിച്ചിരുന്നത്. ആ സമയത്ത് സ്ത്രീയും തമ്മിലുണ്ടായിരുന്ന പരിചയം കുഞ്ഞുങ്ങളുടെ പിതാവ് മരിച്ചതിന് ശേഷം സൗഹൃദമായി വളര്‍ന്നു. ലിവിംഗ് ടുഗദര്‍ പോലെയുള്ള ബന്ധമായിരുന്നു ധനേഷ് കുമാറും ഈ സ്ത്രീയും തമ്മിലുണ്ടായിരുന്നത്. കുറുപ്പംപടിയിലെ വാടകവീട്ടിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. ധനേഷ് കുമാര്‍ എല്ലാ ആഴ്ചയും എത്തും. അങ്ങനെ എത്തുന്ന സമയത്താണ് 2023 മുതല്‍ കുഞ്ഞുങ്ങളെ ഇയാള്‍ ശാരീരികമായി ഉപയോഗിച്ചിരുന്നത്. ക്രൂര പീഡനം കുട്ടികളിലൊരാള്‍ കൂട്ടുകാരിക്ക് എഴുതിയ കത്തിലൂടെ സൂചിപ്പിച്ചിരുന്നു. ക്ലാസ് ടീച്ചര്‍ കത്ത് കാണാനിടയായി. തുടര്‍ന്ന് പൊലീസ് അടക്കമുള്ളവരെ ടീച്ചര്‍ വിവരം അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് രണ്ടുവര്‍ഷമായി തുടരുന്ന പീഡനം പുറത്തുവന്നതും പ്രതിയെ പിടികൂടിയതും.
