കാസര്‍കോട്: ഓട്ടോ റിക്ഷയില്‍ എത്തിയ ആള്‍ കരിച്ചേരി പാലത്തിനു മുകളില്‍ നിന്നു പുഴയിലേക്ക് ചാടിയ സംഭവം പരിഭ്രാന്തിയിലാഴ്ത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ബേഡകം, ചെമ്പക്കാട് സ്വദേശിയായ 60കാരനാണ് പുഴയില്‍ ചാടിയത്. സംഭവമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും പുഴയില്‍ ചാടിയ ആള്‍ കരയിലേക്ക് കയറിയിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസും നാട്ടുകാരും വിശദീകരിക്കുന്നത് ഇങ്ങനെ: ‘പൊയിനാച്ചി ഭാഗത്തു നിന്നുമാണ് ചെമ്പക്കാട് സ്വദേശിയായ ആള്‍ ഓട്ടോയില്‍ കരിച്ചേരിയില്‍ എത്തിയത്. പാലത്തിനു സമീപം ഓട്ടോ നിര്‍ത്തി ഡ്രൈവര്‍ക്ക് വാടക നല്‍കിയ ശേഷം പാലത്തിലൂടെ നടന്നു പോയ ആള്‍ കൈവരിയില്‍ കയറി പുഴയിലേക്ക് ചാടുകയായിരുന്നു. കരിച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്ന ഒരു ജീവനക്കാരിയാണ് സംഭവം നേരില്‍ കണ്ടത്. ഇവര്‍ വിവരം പരിസരവാസികളെ അറിയിച്ചു. ആള്‍ക്കാര്‍ ഓടിക്കൂടി പാലത്തിനു അടിഭാഗത്തെത്തുമ്പോഴേക്കും പുഴയില്‍ ചാടിയ ആള്‍ കരയിലേക്ക് നടന്നു കയറുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കരയിലെത്തിച്ചു. വിവരം പൊലീസിനെയും അറിയിച്ചു. സ്വബോധത്തിലല്ല ഇയാള്‍ പുഴയില്‍ ചാടിയതെന്നു സംശയിക്കുന്നു.
