കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കാന്‍ നിര്‍മ്മിക്കുന്ന ലിഫ്റ്റ് നിര്‍മ്മാണത്തിലും മെല്ലെപോക്കെന്ന് പരാതി. നിര്‍മ്മാണ പ്രവൃത്തി തുടങ്ങി ആറുമാസം പിന്നിട്ടിട്ടും ലിഫ്റ്റിനായുള്ള കുഴി എടുത്തതല്ലാതെ തുടര്‍ നടപടികള്‍ നിശ്ചലാവസ്ഥയില്‍ തുടരുന്നു.
പ്രായമായവര്‍ക്കും സ്ത്രീ യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കാന്‍ നിലവില്‍ മേല്‍പ്പാലമാണ് ഉള്ളത്. ഇതിന്റെ കോണി കയറാന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് റെയില്‍വേ കുമ്പള സ്റ്റേഷനില്‍ ലിഫ്റ്റ് സൗകര്യമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. യാത്രക്കാരായ രോഗികള്‍ ഏറെയും ആശ്രയിക്കുന്നത് മംഗലാപുരം ആശുപത്രികളെയാണ്. ഇത്തരം രോഗികള്‍ക്ക് മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിന്‍ കയറണമെങ്കില്‍ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് പോകേണ്ടതുണ്ട്. ഇത് രോഗികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഏറെ പ്രയാസമുണ്ടാക്കുന്നു.
കുമ്പള റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യ വികസനം ഒരുക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല. ട്രെയിന്‍ കാത്തു നില്‍ക്കുന്ന രണ്ട് പ്ലാറ്റ്‌ഫോമുകളിലും മേല്‍ക്കൂരയുടെ അഭാവം യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. മഴക്കാലത്ത് മഴ നനഞ്ഞും, വേനല്‍ക്കാലത്ത് ചൂട് സഹിച്ചുമാണ് പ്ലാറ്റ്‌ഫോമുകളില്‍ യാത്രക്കാര്‍ ട്രെയിനിനായി കാത്തു നില്‍ക്കുന്നത്. ഏറെ സ്ഥലസൗകര്യമുള്ള കുമ്പള റെയില്‍വേ സ്റ്റേഷനെ സാറ്റ്‌ലൈറ്റ് സ്റ്റേഷനാക്കി ഉയര്‍ത്തി വികസന പദ്ധതികള്‍ നടപ്പിലാക്കണമെന്ന ആവശ്യം ഇതുവരെ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലില്ല. ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് കുമ്പളയില്‍ സ്റ്റോപ്പ് അനുവദിച്ചു കിട്ടാന്‍ ദീര്‍ഘകാലമായി പാസഞ്ചേഴ്‌സ് അസോസിയേഷനും നാട്ടുകാരും, വ്യാപാരികളും സന്നദ്ധ സംഘടനകളും, നിരന്തരമായി ഇടപെടല്‍ നടത്തിവരുന്നുണ്ട്. ഒന്നിനും അനുകൂലമായ നടപടി ഉണ്ടാകുന്നില്ലെന്ന പരാതിയും നാട്ടുകാര്‍ക്കുണ്ട്.
റെയില്‍വെ ഗതാഗതത്തെ ആശ്രയിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെയും, രോഗികളുടെയും, കുട്ടികളുടെയും പ്രയാസം മനസ്സിലാക്കി ലിഫ്റ്റ് നിര്‍മ്മാണം വേഗത്തിലാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
