കുമ്പള: കൊടും ചൂടും റംസാനും ഒന്നിച്ചായപ്പോള്‍ പഴവര്‍ഗങ്ങളില്‍ താരം തണ്ണീര്‍ മത്തന്‍ തന്നെ. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് തണ്ണീര്‍ മത്തന്‍ കേരളത്തില്‍ എത്തുന്നത്. അതിര്‍ത്തി പ്രദേശമായതിനാല്‍ കാസര്‍കോട് ജില്ലയിലേക്ക് കര്‍ണാടകയില്‍ നിന്നും തണ്ണീര്‍മത്തന്‍ യഥേഷ്ടം എത്തുന്നുണ്ട്. ദിവസേന ലോഡ് കണക്കിന് തണ്ണീര്‍ മത്തനാണ് മൊത്ത വില്‍പ്പന കച്ചവടക്കാരുടെ ഗോഡൗണുകളില്‍ എത്തുന്നത്. ‘വിഷം’ കുത്തിവെച്ച് ചുവപ്പിച്ചതാണോ എന്നൊന്നും നോക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ സമയമില്ല. പരിശോധന നടത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനും സമയം കിട്ടുന്നില്ലെന്നും പറയുന്നു. കൊടും ചൂടാണ്, പോരാത്തതിന് റംസാനും. ആരോഗ്യത്തിന്റെ കാര്യം പിന്നെ നോക്കാം എന്ന ചിന്തയുമുണ്ട്. അതുകൊണ്ടുതന്നെ കച്ചവടവും പൊടിപൂരം.
തണ്ണീര്‍ മത്തന് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇപ്രാവശ്യം വിലകയറ്റമൊന്നുമില്ലാത്തത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാവുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യം റംസാനില്‍ തണ്ണീര്‍ മത്തന് 20 മുതല്‍ 25 രൂപ വരെ വിലയുണ്ടായിരുന്നു. എന്നാല്‍ ഈ പ്രാവശ്യത്തെ നിലവിലെ വില 14 മുതല്‍ 18 രൂപ വരെയാണ് കിലോയ്ക്ക് ഈടാക്കുന്നത്. രണ്ടുതരം തണ്ണീര്‍ മത്തന്‍ വിപണിയിലുണ്ട്. ചെറുതാണെങ്കില്‍ വില കുറയും. വലുതാണെങ്കില്‍ അഞ്ച് കിലോയ്ക്ക് കൂടുതലുള്ളവയാണ് വിപണിയിലേറെയും ഉള്ളത്. നോമ്പുകാലമായതിനാല്‍ വലിയ തണ്ണീര്‍ മത്തന്‍ കച്ചവടക്കാര്‍ പകുതിയാക്കി മുറിച്ച് നല്‍കുന്നുമുണ്ട്. നോമ്പ് തുറ സദസ്സുകളില്‍ ജ്യൂസ് ആയി ഉപയോഗിക്കുന്നതും തണ്ണീര്‍ മത്തന്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ആവശ്യക്കാര്‍ ഏറുന്നു.
തണ്ണീര്‍ മത്തന്‍ മൊത്തക്കച്ചവടക്കാര്‍ക്ക് കിട്ടുന്നതിനേക്കാള്‍ രണ്ടു മുതല്‍ അഞ്ചു രൂപ വരെ അധികമായിട്ടാണ് ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കുന്നത്. ചെറുകിട കച്ചവടക്കാരാകട്ടെ രണ്ടു രൂപ മുതല്‍ 5 രൂപ വരെ കൂട്ടി വില്‍ക്കുന്നുണ്ട്.
