കാസര്‍കോട്: സിഗരറ്റും സോഡയും കടം നല്‍കാത്ത വിരോധത്തില്‍ ഗോഡൗണിനു തീവച്ച് നാലു ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കന്യപ്പാടി, തല്‍പനാജെ സ്വദേശി സന്തു എന്ന സന്തോഷ് ആണ് കാസര്‍കോട് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
മാര്‍ച്ച് 14ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. നീര്‍ച്ചാല്‍, കുണ്ടിക്കാനയിലെ ലാന്‍സര്‍ ഡിസൂസയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിനാണ് തീവച്ചത്. ഇയാളുടെ ഉടമസ്ഥതയില്‍ കന്യപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ജെ കെ ബേക്കേഴ്‌സ്, ജെ.കെ അറേഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിലെത്തി സോഡയും സിഗരറ്റും കടം ചോദിച്ചിരുന്നു. കൊടുക്കാത്ത വിരോധത്തില്‍ കടയില്‍ നിന്നു 200 മീറ്റര്‍ അകലെയുള്ള ഗോഡൗണിനു തീവച്ച് നാലു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് ലോറന്‍സ് ഡിസൂസ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് സന്തോഷ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.
