പയ്യന്നൂര്‍: നാലു മാസം പ്രായമുള്ള പെണ്‍കുട്ടിയെ കിണറ്റിലെറിഞ്ഞു കൊന്നു. ആരാണ് കൊലപാതകം നടത്തിയതെന്ന് അറിയാന്‍ മാതാപിതാക്കളെയും ബന്ധുക്കളെയും അയല്‍വാസികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാപ്പിനിശ്ശേരി, മാങ്കടവ്, പാറക്കലിലാണ് സംഭവം. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരായ തമിഴ്‌നാട് സ്വദേശികളായ മുത്തു-അക്കമ്മല്‍ ദമ്പതികളുടെ നാലുമാസം പ്രായമായ യാസികയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം. അച്ഛനമ്മമാരെ കൂടാതെ ബന്ധുക്കളായ മീര, നീലാംബരി എന്നീ കുട്ടികളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മാതാവാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി ക്വാര്‍ട്ടേഴ്‌സിനകത്തും പുറത്തും തെരഞ്ഞുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് കുഞ്ഞിനെ ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ കിണറ്റില്‍ കണ്ടത്. ഉടന്‍ പുറത്തെടുത്ത് പാപ്പിനിശ്ശേരി സിഎച്ച്‌സിയില്‍ എത്തിച്ചു. അപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. കൊലപാതകത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. തമിഴ് ദമ്പതികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു സമീപത്തു നിര്‍മ്മാണ തൊഴിലാളികളായ ബംഗാള്‍ സ്വദേശികള്‍ താമസിക്കുന്നുണ്ട്.
