കാസര്‍കോട്: 16-ാം വയസില്‍ കോളേജിലെ റാഗിങ്ങിന് ഇരയായി ജീവിതം സ്വയം ഇരുളാക്കിയ വെങ്ങാട്ടെ സാവിത്രി 45-ാം വയസില്‍ വിടവാങ്ങി. കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ചികില്‍സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരണപ്പെട്ടത്. 1990 കളില്‍ സ്‌കൂള്‍ പഠനകാലത്തു മിടുക്കിയായിരുന്നു സാവിത്രി. യുവജനോത്സവങ്ങളില്‍ നൃത്ത ഇനങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിരുന്നു. എസ്.എസ്.എല്‍.സിക്ക് ഉന്നതവിജയത്തോടെ പ്രീഡിഗ്രിക്കു ചേര്‍ന്നു മൂന്നാം ദിവസം കടുത്ത റാഗിങ്ങിന് ഇരയായി. മാനസികമായും ശാരീരികമായും ഉലച്ചുകളഞ്ഞ ആ സംഭവത്തിനു ശേഷം സാവിത്രിയുടെ ജീവിതം മറ്റൊന്നായി. പിന്നെയവള്‍ വീടിനു പുറത്തിറങ്ങിയില്ല. പഠനവും നിര്‍ത്തി. ഒരു ദിവസം കോംപസ് ഉപയോഗിച്ച് വലത്തെ കണ്ണ് കുത്തിപ്പൊട്ടിച്ചു. അങ്ങനെ ജീവിതം സ്വയം ഇരുളാക്കുകയായിരുന്നു. പിന്നീട് കോഴിക്കോട്ടെയും, തിരുവനന്തപുരത്തെയും ആശുപത്രികളില്‍ ചികില്‍സ നടത്തി. മാനസീക നിലമാറി ഒരുവേള ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിയെങ്കിലും അതുണ്ടായില്ല. അടച്ചുറപ്പുള്ള വീടില്ലാത്തതിനാല്‍ മഞ്ചേശ്വരത്തെ സ്‌നേഹാലയത്തിലാണ് കഴിഞ്ഞിരുന്നത്. അതിനിടെയാണ് അസുഖങ്ങളും പിടിപെട്ടത്. വട്ടിച്ചിയാണ് മാതാവ്. സുകുമാരി, ശാന്ത, തങ്കം എന്നിവര്‍ സഹോദരങ്ങളാണ്.
