ഭോപ്പാല്‍: ഹോളി ആഘോഷത്തിന്റെ ഭാഗമായി ഉച്ചത്തില്‍ പാട്ട് വെച്ചതിനെ എതിര്‍ത്ത 64 കാരനെ അയല്‍വാസിയും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൈഹാര്‍ ജില്ലയിലാണ് സംഭവം. മന്‍കിസര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് ഹോളിയോടനുബന്ധിച്ച് ഉച്ചത്തില്‍ പാട്ടുവെച്ചത്. കുട്ടികള്‍ക്ക് പരീക്ഷയായതിനാല്‍ ശബ്ദം കുറയ്ക്കാന്‍ ശങ്കര്‍ എന്നയാള്‍ അയല്‍ക്കാരനായ ദീപുവിനോട് ആവശ്യപ്പെട്ടു. ഇത് ദീപുവിന് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ദീപുവും അയാളുടെ അഞ്ച് ബന്ധുക്കളും ചേര്‍ന്ന് ശങ്കറിന്റെ വീട്ടിലെത്തി അതിക്രമം നടത്തുകയായിരുന്നു. അക്രമത്തില്‍ സാരമായ പരിക്കേറ്റ ശങ്കറിന്റെ പിതാവ് മുന്ന കെവാട്ടിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീപുവിനും സംഘത്തിനുമെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
