മുംബൈ: ഫ്‌ളാറ്റിന്റെ ഇരുപത്തിയൊമ്പതാമത്തെ നിലയില്‍ നിന്ന് എട്ടുവയസ്സുകാരിയെ മകളെ എറിഞ്ഞതിന് പിന്നാലെ മാതാവും ആത്മഹത്യ ചെയ്തു. 35 വയസുകാരിയായ മാതാവിനെതിരെ പന്‍വേല്‍ സിറ്റി പൊലീസ് കേസെടുത്തു. പന്‍വേലി പലാസ്‌പെ ഫതായില്‍ ഔറ ബില്‍ഡിങ്ങില്‍ താമസിക്കുന്ന മൈഥിലി ആശിഷ് ദുഅ, മകള്‍ മൈറ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് ദാരുണ സംഭവം. ഭര്‍ത്താവ് സിവില്‍ കോണ്‍ട്രാക്ടറായ ആഷിഷ് ദുവ(41)യെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് യുവതി കൃത്യം ചെയ്തത്. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ഭാര്യക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും കഴിഞ്ഞ രണ്ട് ദിവസമായി മരുന്നുകഴിക്കുന്നില്ലെന്നും എല്ലാവരോടും ദേഷ്യത്തോടെ പെരുമാറുന്നുവെന്നും പറയുന്നു. ഭാര്യ മുറി പൂട്ടിപ്പോയപ്പോള്‍ മകളുടെ കരച്ചില്‍ കേട്ടു. സംശയം തോന്നിയ താന്‍ മറ്റൊരു ജനാലയിലൂടെ താഴേക്ക് നോക്കിയപ്പോള്‍ അവിടെ ഒരു ജനക്കൂട്ടം കൂടിയിരിക്കുന്നതായി കണ്ടു എന്ന് ആശിഷ് പൊലീസിനോട് പറഞ്ഞു. ആഗ്രയില്‍ താമസിക്കുന്ന പഞ്ചാബി സ്വദേശിയായ ആശിഷും മഹാരാഷ്ട്രക്കാരിയായ മൈഥിലിയും പ്രണയിച്ചാണ് 2012 ല്‍ വിവാഹിതരായത്. അതേസമയം ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ വഴക്കുണ്ടായോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ മൈഥിലിയുടെ കുടുംബങ്ങള്‍ ആശിഷിനെതിരെ പരാതിയുമായി രംഗത്തെത്തി. സംഭവത്തില്‍ മാതാവിനെ പ്രതി ചേര്‍ത്ത പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
