ബംഗ്‌ളൂരു: നീണ്ടകാലത്തെ പ്രണയത്തിനു ഒടുവില്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത കാമുകിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയില്‍ തള്ളി. കൊലപാതകമാണെന്നു സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാമുകനെയും രണ്ടു സഹായികളെയും പൊലീസ് അറസ്റ്റു ചെയ്തു. ഹാവേരി, റാണിബെന്നൂര്‍, പത്തേപ്പുരയിലെ സ്വാതി (22) കൊല്ലപ്പെട്ട കേസില്‍ കാമുകന്‍ ഹലേവീരാപുര സ്വദേശിയും കാമുകനുമായ നയാസ്, കൊലപാതകത്തിനു സഹായം ചെയ്തുകൊടുത്ത വിജയ, ദുര്‍ഗ്ഗാചാര്യ എന്നിവരെയാണ് റാണി ബെന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
സ്വാതിയും നയാസും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് സ്വാതി ആവശ്യപ്പെട്ടുവെങ്കിലും നയാസ് തയ്യാറായില്ല. ഇതിന്റെ പേരില്‍ വാക്കു തര്‍ക്കവും ഭീഷണിയും ഉണ്ടായതായും പറയുന്നുണ്ട്. ഇടിനിടയില്‍ മാര്‍ച്ച് മൂന്നു മുതല്‍ സ്വാതിയെ കാണാതായി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍ സ്വാതിയുടെ മൃതദേഹം തുംഗഭദ്രപുഴയില്‍ കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്നു തെളിഞ്ഞു. തുണി കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ കയറ്റി കൊണ്ടുപോയി പുഴയിലെറിഞ്ഞുവെന്നു തെളിഞ്ഞു. തുടര്‍ന്നാണ് സ്വാതിയുടെ കാമുകനായ നയാസിനെയും സഹായികളെയും അറസ്റ്റു ചെയ്തത്. സംഭവത്തിനു പിന്നില്‍ ലൗജിഹാദുകാരാണെന്ന ആരോപണവുമായി സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
