തിരുവനന്തപുരം: ആദിപരാശക്തിയായ അമ്മയ്ക്കു മുന്നില്‍ നോവും നിറവുകളും സമര്‍പ്പിച്ച് ആത്മസായൂജ്യമടയുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഭക്തി നിര്‍ഭരമായ തുടക്കം. ശുദ്ധപുണ്യാഹത്തിനു ശേഷം തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.മുരളീധരന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്നുള്ള ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ പകര്‍ന്നു. തുടര്‍ന്ന് പണ്ടാര അടുപ്പിലും ഭക്തര്‍ ഒരുക്കിയ അടുപ്പിലും തീ പകര്‍ന്നു. ആധികളെ അഗ്‌നിനാളങ്ങള്‍ക്ക് വിട്ടുകൊടുത്ത്, ഭക്തിയുടെ പൊങ്കാല നിവേദിക്കുന്നതിന് ആയിരങ്ങളാണ് കടുത്ത ചൂടിനെയും അവഗണിച്ച് കാത്തിരിക്കുന്നത്. ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍കുത്തും. 11.15 ന് മണക്കാട് ധര്‍മശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത്. രാത്രി ഒരുമണിക്ക് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഇക്കൊല്ലത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും. ഇത്തവണ തലസ്ഥാന ന?ഗരിയില്‍ പൊങ്കാല സമര്‍പ്പണത്തിന് മുന്‍വര്‍ഷങ്ങളിലേക്കാള്‍ തിരക്കാണ്. ഇന്നലെ വൈകീട്ട് ദേവീദര്‍ശനത്തിനായി നീണ്ട ക്യൂ ഉണ്ടായിരുന്നു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാന്‍ തലസ്ഥാനനഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ്. ക്ലബുകളും റസിഡന്റ്‌സ് അസോസിയേഷനുകളും പൊങ്കലയര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകള്‍ നിരന്നിട്ടുണ്ട്.
