മലപ്പുറം/കൊച്ചി: മട്ടാഞ്ചേരി പൊലീസ് കരിപ്പൂരിലെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ കോടികള്‍ വിലമതിക്കുന്ന ഒന്നരക്കിലോ എംഡിഎംഎ പിടികൂടി. സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരി വേട്ടയാണ് ഞായറാഴ്ച രാത്രി നടന്നത്. അരക്കിലോ എംഡിഎംഎയുമായി ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഒരു യുവതി ഉള്‍പ്പെട്ട അന്തര്‍ സംസ്ഥാന മയക്കുമരുന്നു കടത്തു സംഘത്തെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കരിപ്പൂര്‍, മുള്ളല്‍ മലയ്ക്കല്‍ ആഷിഖ് ആണ് സൂത്രധാരനെന്നു അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.
ഒമാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ലഹരി കടത്തു സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഒമാനിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരുന്ന ആഷിഖ് പല തവണ ഭക്ഷ്യ വസ്തുക്കള്‍ക്കിടയില്‍ വച്ച് കേരളത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്നു എത്തിച്ചതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ നാട്ടിലേക്ക് വരുന്നുണ്ടെന്ന വിവരമറിഞ്ഞ അന്വേഷണ സംഘം ജാഗ്രത പ്രഖ്യാപിച്ചു. ഏതാനും ദിവസം മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ഇയാളെ പൊലീസ് കയ്യോടെ പിടികൂടി. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരിപ്പൂര്‍ പൊലീസ്, മലപ്പുറം ഡാന്‍സാഫ് ടീം എന്നിവരുടെ സഹകരണത്തോടെ ഞായറാഴ്ച രാത്രി ആഷിഖിന്റെ വീട്ടില്‍ പരിശോധന നടത്തി ഒന്നര കിലോ എംഡിഎംഎ പിടികൂടിയത്.
