കാസര്‍കോട്: പൈവളിഗെയില്‍ നിന്നു ഒരു മാസം മുമ്പു കാണാതായ പതിനഞ്ചുകാരിയെയും 42 കാരനെയും വീടിനു സമീപത്തെ കാട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പതിനഞ്ചുകാരിയെയും വീട്ടില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള ഓട്ടോ ഡ്രൈവര്‍ പ്രദീപനെയും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമൊബൈല്‍ ഫോണുകളും ഒരു കത്തിയും സ്ഥലത്ത് കണ്ടെത്തി. പ്ലാസ്റ്റിക് കയറിലാണ് ഇരുവരും തൂങ്ങി മരിച്ചത്. ഫെബ്രുവരി 11ന് രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന പതിനഞ്ചുകാരിയെ കാണാതായ കാര്യം പിറ്റേദിവസം രാവിലെയാണ് അറിഞ്ഞത്.
മണ്ടേക്കാപ്പില്‍ രാവിലെ ആരംഭിച്ച തെരച്ചിലില്‍ ഏഴു പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാരും നൂറുകണക്കിനു നാട്ടുകാരും പങ്കെടുത്തിരുന്നു. ഡിവൈ എസ് പി. സി കെ സുനില്‍ കുമാര്‍, കുമ്പള ഇന്‍സ്പെക്ടര്‍ കെ പി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍.
