കാസര്‍കോട്: സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യന്‍ ആര്‍മിയില്‍ ക്യാപ്റ്റനുമായിരുന്നു കെഎംകെ നമ്പ്യാര്‍ എന്ന കെഎം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ (87) അന്തരിച്ചു.
നേരിയ പനിയെതുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അന്തരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് സ്വദേശമായ കൂത്തുപറമ്പ് പടുവിലായിയിലെ തറവാടു വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
മൃതദേഹം ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തിന്റെ വീടായ കാസര്‍കോട് കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ക്യാപ്റ്റന്‍ കെഎംകെ നമ്പ്യാര്‍ റോഡിലെ ഹരിശ്രീയിലേക്കു കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ 9 മണിക്ക് വിലാപയാത്രയായി കൂത്തുപറമ്പിലെ തറവാടു വീട്ടിലേക്കു കൊണ്ടുപോവും. സ്വാതന്ത്ര്യ സമരപോരാളിയായാണ് അദ്ദേഹം കാസര്‍കോട്ടെത്തിയത്. ഉപ്പു സത്യാഗ്രഹത്തിലും വിദേശവസ്ത്ര ബഹിഷ്‌ക്കരണം തുടങ്ങി സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട എല്ലാ സമരങ്ങളിലും കേരളത്തിനു പുറമെ, കര്‍ണ്ണാടകയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പങ്കെടുത്ത അദ്ദേഹം സ്വാതന്ത്ര്യാനന്തരം ഗോവ സമരത്തിലും പങ്കെടുത്തിരുന്നു. ജയില്‍വാസവുമനുഭവിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യ സമര പോരാളികള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ ആദരവ് ലഭിച്ചിട്ടുണ്ട്. ഗോവ സമരത്തിനു ശേഷം 1986 വരെ ഇന്ത്യന്‍ സേനയില്‍ സേവനം ചെയ്ത അദ്ദേഹം ക്യാപ്റ്റനായാണ് സൈന്യത്തില്‍ നിന്നു വിരമിച്ചത്. കെ എം വിജയലക്ഷ്മിയാണ് ഭാര്യ. മക്കള്‍: ഹരിദാസ്, ശിവദാസ്, വിശ്വദാസ്, സുമതി, സുചിത്ര. മരുമക്കള്‍: സുജാത, ഗീത, വിന്ദുജ, റിട്ട.ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ കരുണാകരന്‍, കെ രാജന്‍.
മരണസമയത്ത് അടുത്ത ബന്ധുക്കളും അടുത്ത സുഹൃത്തായ എസ് ഡി ഫാര്‍മസിയുടെ കാസര്‍കോട് ശാഖാ ഉടമ തിലകനും ആശുപത്രിയിലുണ്ടായിരുന്നു.

Captain Sir
🙏🙏🙏 R I P