കാസര്‍കോട്: ലഹരി മാഫിയയ്‌ക്കെതിരെ സമൂഹം ഉണരുന്നു. ഇനിയും പിടിച്ചുകെട്ടിയില്ലെങ്കില്‍ പിടിയിലൊതുങ്ങില്ലെന്ന വിലയിരുത്തലിലാണ് തദ്ദേശ ഭരണസമിതികളും, ജമാഅത്ത് കമ്മിറ്റികളും, സംഘടനകളും, നാട്ടുകാരും. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ലഹരിക്കെതിരെ സമഗ്ര പദ്ധതി തീരുമാനിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തും. ലഹരിമുക്ത ജില്ലയാണ് ജില്ലാപഞ്ചായത്ത് ലക്ഷ്യം. ഇതിന് സന്നദ്ധ സംഘടനകളുടെയും, വിവിധ വകുപ്പുകളുടെയും പിന്തുണ ഉറപ്പുവരുത്തും.
കാസര്‍കോട് സംയുക്ത ജമാഅത്തും ലഹരിക്കെതിരെ തിരിഞ്ഞു. റംസാന്‍ പവിത്രത കാത്തുസൂക്ഷിച്ച് വ്രത ശുദ്ധിയോടെ ലഹരിക്കെതിരെ വ്യാപക ബോധവല്‍ക്കരണത്തിന് ജമാഅത്ത് കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട കേസില്‍ പിടികൂടപ്പെടുന്നവര്‍ക്കെതിരെ ജമാഅത്ത് തലത്തില്‍ പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് നിര്‍ദ്ദേശം.
ജില്ലാ പൊലീസും, എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റും ഇതിനകം തന്നെ ലഹരി വില്‍പ്പനക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ ക്ലീന്‍ ഓപ്പറേഷനില്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നു നൂറുകണക്കിന് ലഹരി വില്പനക്കാരെ പിടികൂടിക്കഴിഞ്ഞു. ജില്ലയിലേക്ക് ലഹരി എത്തുന്ന ഉറവിടം കണ്ടെത്താന്‍ പൊലീസ്-എക്‌സൈസ് നടപടി ശക്തമാക്കും. ഇതിന് നാട്ടുകാരുടെയും, സന്നദ്ധ സംഘടനകളുടെയും പിന്തുണയുമുണ്ട്. വിവിധ സന്നദ്ധ സംഘടനകള്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം ആരംഭിച്ചു കഴിഞ്ഞു.ലഘുലേഖ വിതരണം, നാടകം തുടങ്ങിയവആരംഭിക്കുന്നുണ്ട്. സംഘടനകള്‍ക്കുള്ളിലെ ലഹരി മാഫിയയുടെ സ്വാധീനവും പൊലീസും നിരീക്ഷിക്കുന്നു. കോടതിയും ലഹരി മാഫിയകള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ചുറ്റും റാകിപ്പറക്കുന്നതിനെതിരെ നടപടി വേണമെന്ന് നിരീക്ഷിച്ചു. 2024 ല്‍ മാത്രം മയക്കുമരുന്ന് കേസുകളില്‍ സംസ്ഥാനത്ത് 24,517 അറസ്റ്റുകളുണ്ടായിരുന്നു. ലഹരി നിരോധന നിയമത്തില്‍ കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് വധശിക്ഷവരെ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

👌 Super