കാസര്‍കോട്: അനാഥ മന്ദിരത്തിലേയ്ക്ക് സഹായം തേടിയെത്തി ഏഴുപവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി കടന്നു കളഞ്ഞതടക്കം 19 കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ യുവാവ് മയക്കുമരുന്നുമായി അറസ്റ്റില്‍.
കൊല്ലം ഇരവിപുരം, വാളത്തുങ്കാല്‍ ചേരി, ചേതസ നഗറിലെ ഉണ്ണി നിവാസില്‍ ഉണ്ണിമുരുഗന്‍ (39) ആണ് ഹൊസ്ദുര്‍ഗ് എസ് ഐ ടി അഖിലിന്റെ പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം മാണിക്കോത്ത് സംസ്ഥാന പാതയുടെ സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട യുവാവിന്റെ ദേഹപരിശോധന നടത്തിയപ്പോഴാണ് 5.410 ഗ്രാം എം ഡി എം എ കണ്ടെടുത്തത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങിലായി 19 കവര്‍ച്ചാ കേസുകളില്‍ പ്രതിയാണെന്ന് വ്യക്തമായത്. ഇതില്‍ ഒരു കേസ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷനിലാണ്. ഏഴുമാസങ്ങള്‍ക്കു മുമ്പ് മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ ഒരു വീട്ടിലെത്തി ഏഴുപവന്‍ സ്വര്‍ണ്ണം കവര്‍ന്നുവെന്നാണ് കേസ്. കൊല്ലത്തെ ഒരു അനാഥ മന്ദിരത്തിലേയ്ക്കു ധനസഹായം ആവശ്യപ്പെട്ടാണ് ഉണ്ണിമുരുഗന്‍ കാട്ടുകുളങ്ങരയിലെ വീട്ടില്‍ എത്തിയത്. വീട്ടമ്മ സഹായം നല്‍കാന്‍ ഒരുങ്ങുന്നതിനിടയില്‍ വീട്ടിനകത്തു നിന്നു സ്വര്‍ണ്ണാഭരണങ്ങളുമായി കടന്നു കളയുകയായിരുന്നുവെന്നാണ് കേസ്. സമീപ പ്രദേശത്തെ സി സി ടി വി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച് ഉണ്ണിമുരുഗനാണ് കവര്‍ച്ച നടത്തിയതെന്നു തിരിച്ചറിയുകയും അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങി മയക്കുമരുന്നു വില്‍പ്പന രംഗത്തേയ്ക്ക് കടക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
