കാസര്‍കോട്: തോക്ക് ചൂണ്ടി ചവിട്ടി നിലത്തിട്ട് ക്രഷര്‍ മാനേ ജറുടെ കൈയിലുണ്ടായിരുന്നു 10.30 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ മംഗളൂരുവില്‍ നിന്നും പിടികൂടി. കര്‍ണാടക പൊലീസിന്റെ സഹായത്തോടെ പ്രതികളെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ മുഹമ്മദ് ഇബ്‌റോണ്‍ ആലം(21), മുഹമ്മദ് മാലിക്(21) മുഹമ്മദ് ഫാറൂഖ് (30) എന്നിവരെ ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. സംഘത്തില്‍പ്പെട്ടകാഞ്ഞങ്ങാട് താമസിക്കുന്ന അസം സ്വദേശി ധനഞ്ചയ് ബോറ(21) എന്ന ആളെ വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തു.ബുധനാഴ്ച സന്ധ്യയോടെ കാഞ്ഞങ്ങാട് കല്യാണ്‍ റോഡിലാണ് തോക്ക് ചൂണ്ടി പണം കവര്‍ന്നത്.ജാസ് ഗ്രാനൈറ്റ്‌സ് എന്ന ക്രഷറിന്റെ മാനേജര്‍ കോഴിക്കോട് സ്വദേശി രവീന്ദ്രനില്‍ നിന്നാണ് പണം തട്ടിയെടുത്തത്. സ്ഥാപനത്തില്‍ നിന്ന് കാഞ്ഞങ്ങാട്ട് താമസസ്ഥലത്തേക്ക് പോകുന്നതിനായിതൊട്ടടുത്ത റോഡിലെത്തി ഓട്ടോ കാത്തുനില്‍ക്കുകയായിരുന്നു രവീന്ദ്രന്‍.പെട്ടെന്ന് മൂന്നംഗസംഘമെത്തി തോക്ക് ചൂണ്ടുകയായിരുന്നു. അതിനിടെ ഒരാള്‍ചവിട്ടി നിലത്തിട്ടു. തുടര്‍ന്ന് പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഒരു വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസ് വിവരം മറ്റു പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. ഇന്‍സ്‌പെക്ടര്‍ പി. അജിത്കുമാര്‍, എസ്.ഐ മാരായ അഖില്‍, ശാര്‍ങ്ഗധരന്‍, ജോജോ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്തെ സി.സി.ടി.വി ദൃശ്യം പരിശോധിച്ച് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട്റെയില്‍വേ സ്റ്റേഷനില്‍ വാഹനമുപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടതായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസിലായി. ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ ഉടന്‍ കര്‍ണാടക പൊലീസില്‍ വിവരമറിയിച്ചു. റെയില്‍വേ പൊലീസും ജാഗരൂകരായി. ഒടുവില്‍ മംഗളൂരുവില്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഉടന്‍ മൂന്നുപേരും പൊലീസിന്റെ പിടിയിലാവുകയായിരുന്നു.
