ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അബോധാവസ്ഥയിൽ കണ്ട ഇവരെ നിസാംപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാംപേട്ടിലെ വസതിയിൽ വച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംശയം തോന്നിയ ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് ഗായികയെ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ നിസാംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ചിരുന്നുവെന്നാണ് വിവരം. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കല്പനയുടെ ഭർത്താവ് ചെന്നൈയിലാണ്. കെപിഎച്ച്ബി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രശസ്ത പിന്നണി ഗായകൻ ടി എസ് രാഘവേന്ദ്രയുടെ മകളാണ് കൽപ്പന. ഇളയരാജ, എആർ റഹ്മാൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ സംഗീതസംവിധായകരുമായി കല്‍പ്പന പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചാം വയസ് മുതല്‍ സംഗീത രംഗത്ത് സജീവമാണ് കല്‍പ്പന. വിവിധ ഭാഷകളിലായി 1,500-ലധികം ഗാനങ്ങൾ കല്‍പ്പന റെക്കോർഡുചെയ്‌തു. ആലാപനം കൂടാതെ, കമൽഹാസൻ നായകനായ പുന്നഗൈ മന്നൻ എന്ന ചിത്രത്തിലെ അതിഥി വേഷം ചെയ്തിരുന്നു. ജൂനിയർ എൻടിആർ അവതാരകനായ ബിഗ് ബോസ് തെലുങ്ക് സീസൺ 1ൽ കൽപ്പന പങ്കെടുത്തിരുന്നു. എആർ റഹ്‌മാന്‍റെ മാമന്നനിലെ കൊടി പറകുര കാലം, കേശവ ചന്ദ്ര രാമാവത്തിലെ തെലങ്കാന തേജം എന്നിവ കല്‍പ്പനയുടെ സമീപകാല ഹിറ്റ് ചിത്രങ്ങളാണ്.
