കാസർകോട്: ആറു വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ വോർക്കാടി സ്വദേശിക്ക് 133 വർഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഉദ്ദംബെട്ടു സ്വദേശി വിക്ടർ മോന്തേരോ(43)യെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രബാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 18 മാസം അധിക കഠിന തടവ് അനുഭവിക്കണം.
2021 സെപ്റ്റംബർ 10-ന് മുമ്പുള്ള ഒരാഴ്ചയും, ഒരു വർഷം മുമ്പുള്ള ഒരു ദിവസവും വോർക്കാടി ഉദ്ദം ബട്ടു എന്ന സ്ഥലത്തുള്ള പ്രതിയുടെ വീട്ടിൽ വെച്ച് ആറ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 40 വർഷം വീതം കഠിന തടവും 1,00,000 രൂപ വീതം പിഴയും, പിഴയടച്ചില്ലെങ്കിൽ നാല് മാസം വീതം അധിക കഠിന തടവും, പോക്സോ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധിക കഠിന തടവും ആണ് വിധിച്ചത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടർ ആയിരുന്ന എ. സന്തോഷ് കുമാർ ആണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രിയ എ.കെ ഹാജരായി.
