കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വ്വകലാശാലക്ക് സമീപത്ത് ഇറങ്ങിയ പുലി പണി തുടങ്ങി. വളര്‍ത്തു നായയെ കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തിയതോടെ പ്രദേശമാകെ ഭീതിയില്‍. വിവരമറിഞ്ഞ് പൊലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തേക്ക് തിരിച്ചു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്‍ സ്ഥലത്തെത്തി.
വ്യാഴാഴ്ച രാവിലെയാണ് പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ കമ്മാടത്തു പാറയില്‍ വളര്‍ത്തു നായയെ പുലി കൊന്നിട്ട നിലയില്‍ കണ്ടെത്തിയത്. സമീപത്തു നിന്നു പുലിയുടെ കാല്‍പ്പാദങ്ങളുടെ അടയാളവും കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ സമീപ പ്രദേശത്തെ ചാലിങ്കാല്‍, മൊട്ടയില്‍ വാഹനയാത്രക്കാര്‍ പുലിയെ കണ്ടിരുന്നു. ദേശീയ പാതയുടെ കിഴക്കു ഭാഗത്തു നിന്നും പടിഞ്ഞാറു ഭാഗത്തേക്കാണ് പുലി ഓടിയത്. അതിനു ശേഷം പരിസരവാസികള്‍ ഭീതിയിലാണ്. ഇതിനിടയിലാണ് വ്യാഴാഴ്ച രാവിലെ കമ്മാടത്തു പാറയില്‍ വളര്‍ത്തു നായയെ കൊന്നിട്ട നിലയില്‍ കണ്ടത്. കമ്മാടത്തു പാറയുടെ സമീപ പ്രദേശമായ മീങ്ങോത്തും തട്ടുമ്മലിലും ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പുലിയെ കാണുകയും തെരുവു നായകളെ പിടിച്ചതുമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു.
