കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വ്വകലാശാലയ്ക്കു സമീപത്തെ കമ്മാടത്തു പാറയില്‍ വളര്‍ത്തുന്ന നായയെ പുലി കൊന്നതിനു പിന്നാലെ പെരിയ ബസാറിനു സമീപത്തെ പുക്കളത്ത് പട്ടാപ്പകല്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. വ്യാഴാഴ്ച രാവിലെ പുക്കളത്തെ കാലിച്ചാന്‍മരത്തിലാണ് നാട്ടുകാരായ അശോകന്‍ നായര്‍, മുരളി പുക്കളന്‍ തുടങ്ങിയവര്‍ പുലിയെ കണ്ടത്. ശബ്ദം ഉണ്ടാക്കിയതോടെ പുലി സ്ഥലം വിട്ടതായി നാട്ടുകാര്‍ പറഞ്ഞു. കാലിച്ചാന്‍മരത്തിനു അകത്തു തമ്പടിച്ചിരുന്ന മയില്‍ക്കൂട്ടം പ്രത്യേക ശബ്ദം ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പെട്ടാണ് നാട്ടുകാര്‍ നോക്കിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം ടി.വി അശോകന്‍ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. തോട്ടത്തില്‍ വെള്ളം തെളിച്ച് വരുന്നതിനിടയിലാണ് അശോകന്‍ നായര്‍ പുലിയെ കണ്ടത്. പഞ്ചായത്ത് മെമ്പര്‍ ടി.വി അശോകന്‍, നാട്ടുകാരായ അശോകന്‍ നായര്‍, ഷംസു പെരിയ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.
