കൊച്ചി: മലയാള സിനിമാ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രമാണ് ‘തുടരും’. മോഹന്‍ലാലിന്റെ കരിയറിലെ 360-മത്തെ സിനിമ. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 2009-ൽ അമൽ നീരദ് സംവിധാനം ചെയ്ത സാഗർ ഏലിയാസ് ജാക്കിയിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. 2004-ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് മോഹൻലാലും ശോഭനയും അവസാനമായി ജോഡികളായത്. അതിനാല്‍ തന്നെ സിനിമയെക്കുറിച്ച് വരുന്ന അപ്ഡേറ്റുകളെല്ലാം ചര്‍ച്ചയാകാറുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ജേക്ക്‌സ് ബിജോയ് സംഗീതം ചെയ്തിരിക്കുന്ന ‘കണ്മണി പൂവേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാര്‍ ആണ്.
ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ കണ്മണി പൂവേ എന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണന്‍ ആണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റേയും ശോഭനയുടെയും മക്കളായി അഭിനയിക്കുന്നത് തോമസ് മാത്യു, അമൃത വര്‍ഷിണി എന്നിവരാണ്. ഇരുവരെയും ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയില്‍ കാണിച്ചിട്ടുണ്ട്. സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറുടെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്.
തരുണ്‍ മൂര്‍ത്തിയും കെ.ആര്‍ സുനിലും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന തുടരും മെയ് 15 ന് തിയറ്ററുകളിലെത്തും എന്നാണ് ഒടുവിലെ വിവരം. ചിത്രത്തില്‍ ബിനു പപ്പു, മണിയന്‍പിള്ള രാജു, ഇര്‍ഷാദ് അലി, കൃഷ്ണ പ്രഭ തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജികുമാര്‍ ആണ്.
