ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളില്‍ വേണമോ വേണ്ടയോ എന്ന ചര്‍ച്ചക്കിടയിലാണ് പഴയ കാലത്ത് വീട്ടില്‍ വളര്‍ത്തിയ നാടന്‍ കോഴികളുടെ ചേന്‍ കൂടല്‍ ഓര്‍മ്മ വന്നത്.
ഞങ്ങളുടെ കുട്ടിക്കാലത്ത് മിക്ക വീടുകളിലും മൂന്നോ നാലോ നാടന്‍ കോഴികളുണ്ടാവും.
അതില്‍ പൂവനും പിടയുമുണ്ടാവും.
പറമ്പ് മുഴുവന്‍ ചുറ്റി നടന്ന് അവ ആഹാരം കണ്ടെത്തും. കൃമികളും കീടങ്ങളും, വീട്ടില്‍ നിന്ന് കുപ്പയില്‍ കൊണ്ടിടുന്ന അവശിഷ്ടങ്ങളുമെല്ലാം അവ കൊത്തിപ്പെറുക്കി തിന്നും.
നേരം പുലരുമ്പോള്‍ കോഴികളെ പുറത്തിറക്കും.പൂവന്‍ കോഴിയുടെ കൂകല്‍ കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നെഴുന്നേക്കല്‍. അന്ന് പറക്കൂട്ട കമഴ്ത്തി വെച്ചാണ് കോഴിയെ കൂട്ടുക.
അവയുടെ വിസര്‍ജ്യം ശേഖരിക്കാന്‍ കൂട്ടയുടെ അടിയില്‍ പായക്കഷണമോ മറ്റോ വെക്കും. കോഴികളെ കൂട്ട തുറന്നു പുറത്ത് വിട്ടതിന് ശേഷം അവയുടെ വിസര്‍ജ്യം തെങ്ങിന്‍മുരടിലോ മറ്റോ നിക്ഷേപിക്കും.
ചേന്‍ കൂടണ സമയമായാല്‍ പിടക്കോഴി പ്രത്യേകമൊരു ശബ്ദം പുറപ്പെടുവിക്കും. ആ സമയത്ത് പൂവന്‍ കോഴി പിടയുടെ ചുറ്റും ഓടി അതിനെ കീഴ്‌പ്പെടുത്തി ചേര്‍ന്നുനില്‍ക്കും.
സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഇണചേരലാണത്.
അത് പോലെ പശുക്കള്‍ക്ക് ‘കാള കൂടുന്നതും’ പാമ്പുകള്‍ ‘ ഇണ ചേരുന്നതും’ മറ്റും ഞങ്ങള്‍ നേരിട്ടു കണ്ടിട്ടുണ്ട്.
അതില്‍ ലൈംഗികതയൊന്നും ഞങ്ങള്‍ കണ്ടില്ല.
സ്വാഭാവിക പ്രകൃതി പ്രതിഭാസമെന്ന് മാത്രമെ കരുതിയുള്ളു.
അല്പം കൂടി വളര്‍ന്നപ്പോഴാണ്
ഇത് പോലെയാണ് സ്ത്രീയും പുരുഷനും ബന്ധപ്പെടുന്നതെന്നും സ്ത്രീ ഗര്‍ഭിണി ആവുന്നതെന്നും ഞങ്ങള്‍ മനസ്സിലാക്കി.
കോഴിയുടെ കാര്യത്തിലാണെങ്കില്‍ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ മുട്ടയിടാന്‍ പിടക്കോഴി
ക്രാകിത്തുടങ്ങും.
മുട്ടയിടാന്‍ പതുപതുപ്പുള്ള ഏതെങ്കിലും പ്രതലം അവ ഉപയോഗപ്പെടുത്തും.
അകത്തു കയറി വെണ്ണീറ്റിന്‍ കുണ്ടിലോ
ഉമി കൂട്ടിവെച്ച സ്ഥലത്തോ അവ മുട്ടയിടും. കാര്യം കഴിയുമ്പോ അവ എഴുന്നേറ്റു പോവുകയും ചെയ്യും.
മറ്റ് പക്ഷികളെ പോലെ മുട്ട ഇട്ടു കഴിഞ്ഞാല്‍ അവയെ ശ്രദ്ധിക്കുന്ന രീതി കോഴികള്‍ക്കില്ല.
ചിലപ്പോള്‍ അവയ്ക്ക് അറിയുന്നുണ്ടാവും മനുഷ്യര്‍ കൃത്യമായി അവ സംരക്ഷിക്കുമെന്ന്.
കോഴി ഒരു ചൂതില്‍ ( ഒരു തവണ )ഇരുപത് മുപ്പത് മുട്ടകളിടും. മുട്ടയിട്ടു കഴിഞ്ഞാല്‍ കാപ്പില്‍ കിടക്കാന്‍ അവ സന്നദ്ധമാവും.
ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് ചിറക് വിടര്‍ത്തി അകത്ത് എവിടെയെങ്കിലും വന്ന് കിടക്കും.
ഭക്ഷണത്തിനൊന്നും പുറത്തുപോകാതെയുള്ള കിടത്തമാണ്. അടയിരിക്കാന്‍ മുട്ട വെച്ചാല്‍ മുട്ട വിരിയുന്നത് വരെ (ഏകദേശം 21 ദിവസം) കോഴി അടയിരിക്കും.
പഴയ കൂട്ടയില്‍ പൂഴിയിട്ട് അതിലാണ് മുട്ടവെക്കേണ്ടത്. തുടര്‍ന്ന് അതിന്റെ ചുമതല തള്ളക്കോഴിക്കാണ്.
കോഴിക്കുഞ്ഞ് പുറത്തുവന്നാല്‍ അവയെ ചിറകിനുള്ളില്‍ ഒതുക്കി ക്കൊണ്ട് തള്ളക്കോഴി ശ്രദ്ധിക്കും.
ആഹാരം കൊത്തിത്തിന്നാനും ചിതക്കി എടുക്കാനും തള്ളക്കോഴി പരിശീലിപ്പിക്കും. കോഴിക്കുഞ്ഞുങ്ങളെ റാഞ്ചിക്കൊണ്ടു പോകാന്‍ ആകാശത്തൂടെ പ്രാക്കിടിയന്മാര്‍ നോട്ടമിട്ടു പറക്കുന്നുണ്ടാവും.
ശത്രു പക്ഷിയില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ബദ്ധശ്രദ്ധയായിരിക്കും തള്ളക്കോഴി.
പ്രാപ്പിടിയന്‍ വന്ന് റാഞ്ചിയാല്‍ ആവുന്നത്ര ശക്തി ആര്‍ജിച്ച് തള്ളക്കോഴി അതിനെ പിന്തുടര്‍ന്ന് പറക്കും. ചിലപ്പോള്‍ കോഴിക്കുഞ്ഞ് പിടിവിട്ട് താഴേക്കു വീഴും. മൃതപ്രായമായ കോഴിക്കുഞ്ഞിനെ വീട്ടുകാര്‍ ഓടിച്ചെന്നെടുക്കും. ജീവന്റെ മിടിപ്പുണ്ടാവുമവയ്ക്ക്’. അതിനെ രക്ഷപ്പെടുത്താന്‍ ഒരു നാടന്‍ വിദ്യയുണ്ട്. ആ കോഴിക്കുഞ്ഞിനെ താഴത്ത് കിടത്തി അതിന് മുകളില്‍ ഒരു മണ്‍കലംവെക്കും. കലത്തിമ്മേല്‍ ചിരട്ട കൊണ്ട് ഉരസി ശബ്ദമുണ്ടാക്കും. കുറച്ച് സമയം ഇങ്ങിനെ ചെയ്ത ശേഷം കലം മാറ്റിയാല്‍ മൃതപ്രായമായി കിടന്ന കോഴിക്കുഞ്ഞ് ഓടിക്കളിക്കാന്‍ തുടങ്ങും. തള്ളക്കോഴി അതിനെ ചിറകിലൊതുക്കി കുറച്ചു സമയം നില്‍ക്കും. പഴയ പോലെ ആഹാരം കൊത്തിത്തിന്നാന്‍ അവയ്ക്ക് സാധ്യമാവും. ഇങ്ങിനെ ന്യൂജന്‍സിന് അറിയാത്ത നാടന്‍ കോഴിക്കഥകള്‍ പഴയ തലമുറയുടെ ഓര്‍മ്മച്ചെപ്പില്‍ കാത്തു വെച്ചിട്ടുണ്ട്.
കണ്ടും കേട്ടും സ്വയം പഠിച്ചതായിരുന്നു ഞങ്ങളതൊക്കെ.
അന്ന് ലൈംഗികത എന്ന വാക്ക് പോലും പാപമായി കണക്കാക്കുന്ന ഒരു കാലഘട്ടമായിരുന്നു.
ഇന്ന് അങ്ങനെയൊന്നുമല്ലെങ്കില്‍ പോലും.
ക്ലാസുമുറികളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന് ഇന്നും ചിലര്‍ അസ്വസ്ഥരാകുന്നുണ്ട്.
പ്രകൃതിയില്‍ നേരിട്ട് ദൃശ്യമാകുന്ന ഈ കാര്യങ്ങള്‍ ക്ലാസുമുറികളില്‍ കൃത്യമായും കണിശമായും അധ്യാപകന്മാരും അധ്യാപികമാരും അവതരിപ്പിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതില്‍ അപാകതയില്ലെന്നാണ് എന്റെ പക്ഷം.
തെറ്റായ വഴികളിലേക്ക് കുട്ടികള്‍ നീങ്ങി പോകാതിരിക്കാന്‍ ലൈംഗിക വിദ്യാഭ്യാസം പ്രായത്തിനനുസരിച്ച് നല്‍കണം എന്നത് തന്നെയാണ് ഇന്നത്തെ കാലഘട്ടത്തില്‍ ശരിയെന്ന് തോന്നുന്നു.
