കാസര്‍കോട്: പത്തുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വലിയപറമ്പ, പടന്നകടപ്പുറത്തെ ബീച്ചാരക്കടവ്, കളത്തില്‍ പുരയില്‍ വീട്ടില്‍ സുനില്‍-ഗീത ദമ്പതികളുടെ മകള്‍ നിഖിത (20)യാണ് മരിച്ചത്. തളിപ്പറമ്പിനു സമീപത്തെ ആന്തൂര്‍ നഗരസഭയിലെ നണിച്ചേരി വൈശാഖിന്റെ ഭാര്യയാണ്. തളിപ്പറമ്പ് ലൂര്‍ദ്ദ് നഴ്‌സിംഗ് കോളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സിനു പഠിച്ചുവരികയായിരുന്നു നിഖിത. തിങ്കളാഴ്ച പടന്ന കടപ്പുറത്തെ വീട്ടില്‍ എത്തിയിരുന്ന നിഖിത തിരിച്ചു പോയത് സന്തോഷത്തോടെയായിരുന്നുവെന്നും മരണത്തില്‍ സംശയം ഉണ്ടെന്നും കാണിച്ച് അമ്മാവന്‍ കെ.പി രവി തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
2024 ഏപ്രില്‍ ഒന്നിനാണ് ഗള്‍ഫില്‍ ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന വൈശാഖും നിഖിതയും വിവാഹിതയായത്. ഭര്‍തൃവീട്ടില്‍ നിന്നും മാനസിക പീഡനമുണ്ടായിരുന്നുവെന്നും ഇക്കാര്യം അടുത്ത ബന്ധുവിനോട് പറഞ്ഞിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
