കാസര്‍കോട്: അമിതലാഭം വാഗ്ദാനം ചെയ്ത് നൂറു കണക്കിനു പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത ജിബിജി നിധി ലിമിറ്റഡ് ചെയര്‍മാന്‍ കുണ്ടംകുഴിയിലെ ഡി. വിനോദ് കുമാറി (54)നെതിരെ ബേഡകം പൊലീസ് ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. നീലേശ്വരം, ചൂരി കൊവ്വലിലെ സി.കെ കരുണാകര(66)ന്റെ പരാതിയിന്മേല്‍ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസ്. ജിബിജി നിധി ലിമിറ്റഡിന്റെ മുഖ്യ ഏജന്റായിരുന്ന കുണ്ടംകുഴിയിലെ ചന്ദ്രനാണ് കേസില്‍ രണ്ടാംപ്രതി. 2022 മെയ് 18 മുതല്‍ സെപ്തംബര്‍ 12 വരെയുള്ള ദിവസങ്ങളിലായി രണ്ടു തവണകളായി ആറു ലക്ഷം രൂപ നിക്ഷേപമായി വാങ്ങി വഞ്ചിച്ചുവെന്നാണ് ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തട്ടിപ്പ് കേസില്‍ അറസ്റ്റിലായി മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ വിനോദ് ഇപ്പോള്‍ എവിടെയാണെന്ന് പൊലീസിനു പോലും അറിയില്ലത്രെ.
