ആണ്ടി മുസ്സോറും പാറ്റേട്ടിയും | ഭാഗം -4


പ്രക്കാനത്ത് മൂന്നോ നാലോ മുസ്ലിം വീടുകളേ ആകെയുള്ളു. മലബാറിലെ മുസ്ലിംങ്ങള്‍ വിവാഹ ശേഷം ഭാര്യ വീട്ടിലാണ് താമസിക്കുക. സ്വന്തം വീട്ടില്‍ പോകും വരും. ഭാര്യയുമായും സ്വന്തം വീട്ടില്‍ പോവും ഒന്നോ രണ്ടോ ആഴ്ച താമസിക്കും. എങ്കിലും സ്ഥിരതാമസം ഭാര്യാഗൃഹത്തില്‍ തന്നെ. ഭാര്യാ വീട്ടുകാരൊക്കെ ‘പുതിയാപ്ലാ’ എന്നാണ് അഭിസംബോധന ചെയ്യുക. ഭാര്യ വീട്ടില്‍ നല്ല ആദരവും ബഹുമാനവും പുതിയാപ്ലമാര്‍ക്ക് കിട്ടും. അതിന്റെ ചെലവുകളൊക്കെ പുതിയാപ്ലമാര്‍ വഹിക്കും. അത് അവരുടെ അന്തസ്സിന്റ പ്രശ്‌നമാണ്. വീട്ടിലും നാട്ടിലും പുതിയാപ്ലമാര്‍ക്ക് നല്ല സ്‌നേഹാദരവ് കിട്ടും.
അസൈനാപ്ലക്ക് പുതിയാപ്ല വിളിയോട് അത്ര ഇഷ്ടമല്ല. പേരുമാത്രം വിളിച്ചാല്‍ മതിയെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം.
ഏറ്റവും അടുത്ത അയല്‍പക്കക്കാരനെന്ന നിലയില്‍ ആണ്ടി മൂസോറോട് ഇഷ്ടത്തിലായിരുന്നു അസൈനാര്‍ക്ക. ആണ്ടിയുടെയും കൂട്ടുകാരുടെയും മദ്യപാനത്തോട് അത്ര യോജിപ്പില്ലായിരുന്നു അദ്ദേഹത്തിന്. അക്കാര്യം പാറ്റയോട് സ്വകാര്യമായി അസിനാര്‍ക്ക പറയാറുണ്ട്. പാറ്റയ്ക്കും അതത്ര ഇഷ്ടമല്ല, പക്ഷേ ആണ്ടിയുടെ ആഗ്രഹത്തിന് എതിര് നില്‍ക്കാന്‍ ആവുന്നില്ല.
അസിനാര്‍ക്ക എല്ലാ വെള്ളിയാഴ്ചയും സ്വന്തം നാടായ തൃക്കരിപ്പൂരിലേക്ക് പോകും. പള്ളിയില്‍ കൂടാനും സ്വന്തം വീട്ടിലെ വിശേഷങ്ങളറിയുവാനുമാണ് പ്രസ്തുത യാത്ര. തിരിച്ചു പ്രക്കാനത്തേക്കു വരുമ്പം നീലമ്പത്ത് മാര്‍ക്കറ്റില്‍ ചെന്ന് രണ്ട് ‘കീരിക്കൊട്ട’ നിറച്ചും മീന്‍ വാങ്ങും. കടലും പുഴയും അടുത്തായതിനാല്‍ നല്ല മത്സ്യം കിട്ടുന്ന സ്ഥലമാണ് നീലമ്പം. നീല മ്പത്തു നിന്ന് പ്രക്കാനത്തേക്ക് നടന്നു തന്നെ വരണം. സ്വന്തം വീട്ടിലേക്കും ആണ്ടിയുടെ വീട്ടിലേക്കുമാണ് രണ്ട് കീരിക്കൊട്ട മീന്‍ വാങ്ങുന്നത്. പുരക്കെത്തിയ ഉടനെ ഒരു മല്‍സ്യക്കൊട്ട ബീപാത്തുവിന്റെ കയ്യില്‍ പാറ്റയ്ക്ക് നല്‍കാനായി കൊടുത്തു വിടും. ആ സന്തോഷം ആണ്ടിക്കും പാറ്റക്കും അസിനാര്‍ക്കാനോടുണ്ട്. പരസ്പരം കൊടുക്കുകയും വാങ്ങുകയും ചെയ്യുകയെന്നുള്ളത് പ്രക്കാനനിവാസികളുടെ പാരമ്പര്യ സ്വഭാവമാണ്.
മാസത്തിലൊരിക്കലെങ്കിലും ആണ്ടി മുസോറ് അസിനാര്‍ക്കാക്ക് വേണ്ടി ചക്കരക്കള്ള് ഉണ്ടാക്കി വീട്ടിലെത്തിക്കും. ചക്കരക്കള്ള് ഉപയോഗിച്ച് ചക്കരച്ചോറ് ഉണ്ടാക്കിയാല്‍ നല്ല സ്വാദാണ്. അസിനാര്‍ക്കക്ക് അങ്ങനെ ഉണ്ടാക്കുന്ന ചക്കരച്ചോറ് നല്ല ഇഷ്ടവുമാണ്. തെങ്ങിന്‍ കുലയില്‍ നിന്ന് ഊറി വരുന്ന കള്ള് ശേഖരിക്കുന്ന പാത്രത്തില്‍ അല്‍പം ചുണ്ണാമ്പു പുരട്ടി വെച്ചാല്‍ അത് ചക്കരക്കള്ളായി മാറുമെന്നും അതിന് ലഹരിയില്ലയെന്നുമാണ് പറഞ്ഞു കേട്ടത്. അതേപോലെ തെങ്ങില്‍ നിന്ന് ശേഖരിച്ച കള്ള് നിലത്തെത്തുന്നതിന് മുമ്പേ കുടിക്കുന്നതും ഹറാമല്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തെങ്ങില്‍ ഏറാന്‍ വേണ്ടി കയറുന്നതിന് മുമ്പേ അസിനാര്‍ക്കയെ വിളിക്കും. തെങ്ങില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പേ അസിനാര്‍ക്കാക്ക് അല്‍പം കള്ള് കൊടുക്കാനുള്ള ആഗ്രഹം കൊണ്ടാണ് ആണ്ടി വിളിച്ചു വരുത്തുന്നത്. ആണ്ടി തെങ്ങില്‍ കയറുന്നതിന് മുമ്പ് ഒരു ഇരിപ്പുപലക ചുവട്ടില്‍ വെക്കും. ഒരു പാട്ടയുമായി അസൈനാര്‍ക്ക പലകയില്‍ കയറി നില്‍ക്കും. ആണ്ടി തെങ്ങില്‍ നിന്ന് താഴെ ഇറങ്ങുന്നതിന് മുന്നേ ഏറ്റുപാത്രത്തില്‍ നിന്ന് കള്ള് പാട്ടയിലേക്ക് പകര്‍ന്ന് കൊടുക്കും. പലകമേല്‍ നിന്നുകൊണ്ട് തന്നെ അസൈനാര്‍ക്ക പാട്ടയില്‍ നിന്ന് കള്ള് അകത്താക്കും.
ആ കള്ളിന് ലഹരി ഇല്ലാ എന്നാണ് പറയപ്പെടുന്നത്. അസൈനാറിന്റെയും ആണ്ടിയുടേയും സ്‌നേഹക്കൂട്ട് അങ്ങിനെ ദൃഢമായിക്കൊണ്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ശിങ്കാരി ബീഡി കമ്പനി ഉടമയുടെ വീട്ടില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസ്; സൂത്രധാരനായ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍, പിടിയിലായത് തട്ടിപ്പ് കേസില്‍ നേരത്തെ അറസ്റ്റിലായ എ.എസ്.ഐയുടെ കൂട്ടാളി, അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി

You cannot copy content of this page