കാസർകോട്: ഉപ്പളയിൽ വെട്ടേറ്റു പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരിച്ചു. പയ്യന്നൂർ സ്വദേശി സുരേഷ് കുമാറാ(48)ണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സുരേഷിനെ പത്വാടി സ്വദേശി സവാദ്(23) ആണ് ടൗണിൽ വച്ച് വെട്ടി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ് നിലത്ത് വീണ സുരേഷിനെ നാട്ടുകാർ ഉടൻ തന്നെ ഉപ്പളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ പൊലീസിന്റെ സഹായത്തോടെ മംഗളൂരു വെൻലോക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. മരണപ്പെട്ടതോടെ പ്രതിക്കു വേണ്ടിയുള്ള അന്വേഷണം മഞ്ചേശ്വരം പൊലീസ് ഊർജിതമാക്കി. ഉപ്പളയിലെ ഫ്ലാറ്റിലെ വാച്ചുമാനാണ് കൊല്ലപ്പെട്ട സുരേഷ്. സവാദും സുരേഷ് കുമാറും തമ്മിൽ വാക്കേറ്റം നടന്നതായി പറയുന്നു. അതേസമയം കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല.
