ബൈക്കിലെത്തിയ സംഘം ആയുര്‍വേദ മരുന്നു കടയുടമയുടെ കഴുത്തില്‍ നിന്നു മൂന്നരപവന്‍ മാല പൊട്ടിച്ചു രക്ഷപ്പെട്ടു; സംഭവം നീര്‍ച്ചാല്‍ മീത്തല്‍ ബസാറില്‍, അക്രമികളെ കണ്ടെത്താന്‍ തെരച്ചില്‍ തുടങ്ങി

കാസര്‍കോട്: നെഞ്ചുവേദനയ്ക്കുള്ള മരുന്നു വാങ്ങാനെന്ന വ്യാജേനയെത്തിയ രണ്ടംഗ സംഘം ആയുര്‍വേദ മരുന്ന് ഷാപ്പ് ഉടമയുടെ കഴുത്തില്‍ നിന്നും മൂന്നരപ്പവന്‍ തൂക്കമുള്ള കരിമണി മാല പൊട്ടിച്ചോടി. ജൈനമൂല സ്വദേശിനിയും മീത്തല്‍ നീര്‍ച്ചാലിലെ ആയുര്‍വേദ മരുന്നുകട ഉടമയുമായ പരേതനായ ശങ്കരനാരായണന്റെ ഭാര്യ എസ്.എന്‍ സരോജിനി (64)യുടെ കഴുത്തില്‍ നിന്നാണ് മാല പൊട്ടിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരമണിയോടെയാണ് സംഭവം. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാക്കളില്‍ ഒരാള്‍ കടയില്‍ എത്തി നെഞ്ചുവേദനക്കുള്ള മരുന്നു വേണമെന്നു ആവശ്യപ്പെട്ടു. മരുന്നു എടുക്കുന്നതിനിടയില്‍ യുവാവ് സരോജിനിയുടെ കഴുത്തില്‍ നിന്നു മാലപൊട്ടിച്ചോടുകയായിരുന്നുവെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. കടയുടമ ബഹളം വച്ചുവെങ്കിലും അക്രമികള്‍ സ്റ്റാര്‍ട്ട് ചെയ്തു വച്ച ബൈക്കില്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പൊലീസെത്തി മോഷ്ടാക്കളെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിവിധ സ്ഥലങ്ങളിലുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പൊലീസ്. സമാനരീതിയില്‍ നേരത്തെ മാല പൊട്ടിച്ച കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page